കോണ്‍ഗ്രസ് സൈബറിടത്താകെ നിലമ്പൂര്‍ വിജയാരവമാണ്. 9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. 2011 നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇതിനു മുൻപ് യുഡിഎഫ് വിജയിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത് വന്നപ്പോള്‍ കയ്യടി വിഎസ് ജോയിക്കാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആദ്യം ഉയർന്നു കേട്ട പേരാണ് വിഎസ് ജോയിയുടേത്. പ്രഖ്യാപനം വന്നപ്പോൾ നറുക്ക് ആര്യാടൻ ഷൌക്കത്തിന് വീണെങ്കിലും പാർട്ടി തീരുമാനത്തിനൊപ്പം സ്ഥാനാർത്ഥിക്ക് വേണ്ടി രാപ്പകലില്ലാതെ പ്രചാരണത്തിലായിരുന്നു ജോയ്. തന്‍റെ വാർഡിലടക്കം കൈവരിച്ച ലീഡ് ജോയിക്ക് വ്യക്തിപരമായി നേട്ടമാണ്
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മുഖത്ത് അസംതൃപ്തിയുടെ ഒരു ലാഞ്ചനപോലുമില്ലാതെ വി.എസ് ജോയി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിമാറുക എന്നത് കോണ്‍ഗ്രസില്‍ ട്രെൻഡായതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ വി.എസ് ജോയിയോട് ചോദിച്ചു സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ, നേതൃത്വം സംസാരിച്ചിരുന്നോ? ജോയിയുടെ മറുപടി ഇങ്ങനെയായിരുന്നു, ' ഈ തിരഞ്ഞെടുപ്പില്‍ നിന്നെന്നല്ല ഒരു ആയിരം തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചാലും അര വാക്കുകൊണ്ടോ ഒരു നോക്കുകൊണ്ടോ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല ’. അതാണ് വി.എസ് ജോയി.
പത്തരമാറ്റ് തിളക്കമുള്ള അട്ടിമറി വിജയത്തിന്റെ വൈസ് ക്യാപ്റ്റന്‍ വി.എസ് ജോയിയാണ്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഷൗക്കത്തിന്റെ വിജയത്തിനായി കളംനിറഞ്ഞ് പ്രചാരണം നയിച്ച ജോയ്ക്ക് ഈ വിജയത്തിലുള്ള ക്രെഡിറ്റ് കുറച്ചുകാണാനാകില്ല.