ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ–എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയ എ. ജയകുമാറിനെ പദവികളില്‍ നിന്ന് നീക്കി. വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് സ്ഥാനത്ത് നിന്നും പ്രചാര സ്ഥാനത്ത് നിന്നും ജയകുമാറിനെ നീക്കിയത്. തൊടുപുഴയില്‍ മൂന്നുദിവസമായി തുടരുന്ന പ്രാംതീയ പ്രചാരക് ബൈഠക്കിലാണ് തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഏറെ വിവാദം സൃഷ്ടിച്ച ആ കൂടിക്കാഴ്ച. കഴിഞ്ഞവര്‍ഷം മേയ് 12 മുതല്‍ 27 വരെ തൃശൂരില്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ സംഘടിപ്പിച്ച ദ്വിതീയ വര്‍ഷ് സംഘ ശിക്ഷാവര്‍ഗിനിടെ മേയ് 23 നാണ് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് സര്‍ കാര്യവാഹ് അഥവാ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കണ്ടത്. ഇതിന് വഴിയൊരുക്കിയത് വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറായിരുന്നു. അദ്ദേഹത്തെയാണ് തല്‍സ്ഥാനത്ത് നിന്ന് ആര്‍.എസ്.എസ്. നീക്കിയത് . പ്രചാരക സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിവാക്കി.തൊടുപുഴയില്‍ മൂന്നുദിവസമായി തുടരുന്ന പ്രാംതീയ പ്രചാരക് ബൈഠകിലാണ് തീരുമാനം. തൃശൂരില്‍ ആര്‍എസ്എസ് ക്യാംപിനിടെ മുതിര്‍ന്ന നേതാവായ ഹൊസബാളെയെ എ.ഡി.ജി.പി കണ്ട വിവരം ചോര്‍ന്നതില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് മനോരമ ന്യൂസ് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ത്തന്നെ റിപ്പോര്‍ട്ടുചെയ്തിരുന്നു.പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് കൂടിക്കാഴ്ചയുടെ വിവരം ആദ്യം പരസ്യമായി പറഞ്ഞത്. അദ്ദേഹത്തിന് വിവരം ചോര്‍ത്തി നല്‍കിയവര്‍ക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സംഘനേതൃത്വം അന്നുതന്നെ വിലയിരുത്തി.അതിന് മുമ്പാണ് പി.വി. അന്‍വര്‍ അജികുമാറിനെക്കുറിച്ച് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയും പിണറായി സര്‍ക്കാരിനെതിരായ ആദ്യവെടിപൊട്ടിക്കുകയും ചെയ്തത്. വിവാദങ്ങളിലൂടെ ഹൊസബളെയെയും പൂരംകലക്കിയായി ചിത്രീകരിച്ചതിലും നേതൃത്വം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള പൊലീസ് ഓഫിസറെ സംഘത്തിന്റെ പ്രധാന യോഗസ്ഥലത്തേയ്ക്ക് കൊണ്ടുവന്നത് ഒഴിവാക്കണമായിരുന്നുവെന്നും അജിത്കുമാറിന്റെ സന്ദര്‍ശനോദ്ദേശ്യം മുന്‍കൂട്ടി മനസിലാക്കേണ്ടതായരുന്നുവെന്നും ആര്‍.എസ്. എസ്. വിലയിരുത്തുന്നു.