മാരാരിക്കുളം മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ.പി.ജെ.ഫ്രാൻസിസ് അന്തരിച്ചു. 88 വയസായിരുന്നു. സംസ്കാരം നാളെ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ നടക്കും. 1996 ൽ മാരാരിക്കുളത്ത് അന്നത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെയാണ് രാഷ്ട്രീയകേരളം അഡ്വ. പി. ജെ ഫ്രാൻസീസിനെ ശ്രദ്ധിച്ചത്.
തിരഞ്ഞെടുപ്പുകളിൽ എതിർപാർട്ടിയിലെ അതികായരുടെ മുന്നിൽ തോൽക്കാൻ ഇട്ടുകൊടുക്കുന്ന സ്ഥാനാർത്ഥിയായിരുന്നു 1996 നു മുൻപ് പാർട്ടിക്കാരുടെ പ്രിയപ്പെട്ട ഫ്രാൻസീസ് വക്കീൽ . തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു എപ്പോഴും ചിരി മുഖത്തുള്ള പി.ജെ. ഫ്രാൻസീസിന്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളെല്ലാം. 1987 ലും 91 ലും അരൂരിൽ കെ. ആർ ഗൗരിയമ്മയോട് തോറ്റു. എന്നാൽ 96 ൽ കഥ മാറി. ചുവപ്പുകോട്ടയായ മാരാരിക്കുളത്ത് സാക്ഷാൽ വി.എസ് എല്‍ഡിഎഫ് സ്ഥാനാർത്ഥി . ഇടതുമുന്നണി അധികാരത്തിൽ വന്നാൽ പി.ബി. അംഗമായ വി എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പ്. വി എസിൻ്റെ ഭൂരിപക്ഷം എത്രയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് നേതാക്കളുടെ ആത്മ വിശ്വാസം. മാരാരിക്കുളത്ത് ജയൻ്റ് കില്ലറായി ഫ്രാൻസിസ് വക്കീൽ . മാരാരിക്കുളത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ജയിച്ച ഏക കോൺഗ്രസുകാരൻ
1965 വോട്ടിന് ജയിച്ചു എന്ന് നേതാക്കൾ പി.ജെ. ഫ്രാൻസിസിനെ അറിയിച്ചപ്പോൾ തമാശയായാണ് ആദ്യം വക്കീൽ എടുത്തത്. വി എസ് തോൽക്കും എന്ന് ആരും കരുതിയില്ല, അതു തന്നെയായിരുന്നു വക്കീലിൻ്റെ ചിന്തയും . വി എസിനെ തോൽപിച്ചയാൾ എന്ന വീരപരിവേഷമായിരുന്നു പിന്നീട് ഫ്രാൻസീസ് വക്കീലിന് .
മാരാരിക്കുളത്തെ വിഎസിൻ്റെ തോൽവി കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങളുണ്ടാക്കി. വിഭാഗീയത ഏറ്റവും മൂർധന്യത്തിൽ എത്തി. സംസ്ഥാന സമ്മേളനത്തിൽ അടക്കം വെട്ടിനിരത്തലുകളുണ്ടായി. നിരവധി പേർ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടു. ചിലർ പർട്ടിയിൽ നിന്ന് പുറത്തായി. 2001 ൽ മാരാരിക്കുളത്ത് തോമസ് ഐസക്കിനോട് തോറ്റതിനു ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അഡ്വ. പി.ജെ. ഫ്രാൻസീസ് ദീർഘകാലം ആലപ്പുഴ ഡിസിസി വൈസ് പ്രസിഡൻ്റ് , കെപിസിസി എക്സിക്യൂട്ടീവ് അംഗം , എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ടയേർഡ് പ്രൊഫസർ മറിയാമ്മ ഫ്രാൻസിസ് ആണ് ഭാര്യ. നാല് മക്കളുണ്ട്.