TOPICS COVERED

മാരാരിക്കുളം മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ.പി.ജെ.ഫ്രാൻസിസ് അന്തരിച്ചു. 88 വയസായിരുന്നു. സംസ്കാരം നാളെ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ നടക്കും. 1996 ൽ മാരാരിക്കുളത്ത് അന്നത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെയാണ് രാഷ്ട്രീയകേരളം അഡ്വ. പി. ജെ ഫ്രാൻസീസിനെ ശ്രദ്ധിച്ചത്.

തിരഞ്ഞെടുപ്പുകളിൽ  എതിർപാർട്ടിയിലെ അതികായരുടെ മുന്നിൽ തോൽക്കാൻ  ഇട്ടുകൊടുക്കുന്ന സ്ഥാനാർത്ഥിയായിരുന്നു 1996 നു മുൻപ് പാർട്ടിക്കാരുടെ പ്രിയപ്പെട്ട ഫ്രാൻസീസ് വക്കീൽ . തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു എപ്പോഴും ചിരി മുഖത്തുള്ള പി.ജെ. ഫ്രാൻസീസിന്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളെല്ലാം. 1987 ലും 91 ലും അരൂരിൽ കെ. ആർ ഗൗരിയമ്മയോട് തോറ്റു. എന്നാൽ 96 ൽ കഥ മാറി. ചുവപ്പുകോട്ടയായ മാരാരിക്കുളത്ത് സാക്ഷാൽ വി.എസ് എല്‍ഡിഎഫ് സ്ഥാനാർത്ഥി . ഇടതുമുന്നണി അധികാരത്തിൽ വന്നാൽ പി.ബി. അംഗമായ വി എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പ്. വി എസിൻ്റെ ഭൂരിപക്ഷം എത്രയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് നേതാക്കളുടെ ആത്മ വിശ്വാസം. മാരാരിക്കുളത്ത്  ജയൻ്റ് കില്ലറായി ഫ്രാൻസിസ് വക്കീൽ . മാരാരിക്കുളത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ജയിച്ച ഏക കോൺഗ്രസുകാരൻ

1965 വോട്ടിന് ജയിച്ചു എന്ന് നേതാക്കൾ പി.ജെ. ഫ്രാൻസിസിനെ അറിയിച്ചപ്പോൾ തമാശയായാണ് ആദ്യം വക്കീൽ എടുത്തത്. വി എസ് തോൽക്കും എന്ന് ആരും കരുതിയില്ല, അതു തന്നെയായിരുന്നു വക്കീലിൻ്റെ ചിന്തയും . വി എസിനെ തോൽപിച്ചയാൾ എന്ന വീരപരിവേഷമായിരുന്നു പിന്നീട് ഫ്രാൻസീസ്  വക്കീലിന് .

മാരാരിക്കുളത്തെ വിഎസിൻ്റെ തോൽവി കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങളുണ്ടാക്കി. വിഭാഗീയത ഏറ്റവും മൂർധന്യത്തിൽ എത്തി. സംസ്ഥാന  സമ്മേളനത്തിൽ അടക്കം വെട്ടിനിരത്തലുകളുണ്ടായി. നിരവധി പേർ സിപിഎമ്മില്‍ അച്ചടക്ക  നടപടി നേരിട്ടു. ചിലർ പർട്ടിയിൽ നിന്ന് പുറത്തായി. 2001 ൽ മാരാരിക്കുളത്ത് തോമസ് ഐസക്കിനോട് തോറ്റതിനു ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന്  വിട്ടുനിന്ന അഡ്വ. പി.ജെ. ഫ്രാൻസീസ് ദീർഘകാലം ആലപ്പുഴ  ഡിസിസി വൈസ് പ്രസിഡൻ്റ് , കെപിസിസി എക്സിക്യൂട്ടീവ് അംഗം , എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ടയേർഡ് പ്രൊഫസർ മറിയാമ്മ ഫ്രാൻസിസ് ആണ് ഭാര്യ. നാല് മക്കളുണ്ട്.

ENGLISH SUMMARY:

Senior Congress leader and former Mararikulam MLA Adv. P. J. Francis passed away at the age of 88. The funeral will be held tomorrow at Mount Carmel Cathedral Church in Alappuzha. He gained political prominence in 1996 after defeating then Chief Ministerial candidate V. S. Achuthanandan in Mararikulam.