സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്കാണ് സാധ്യത.  കണ്ണൂരും കാസര്‍കോടും ഒാറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍‌ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്നു മുതല്‍ മഴയുടെ തീവ്രതക്ക് അല്‍പ്പം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും നാളെയും കേരള –ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. അറബികടലില്‍ തെക്കന്‍ഗുജറാത്തിനു മുകളിലും ബംഗാള്‍ഉള്‍ക്കടലില്‍ ബംഗ്ളാദേശിന് സമീപവും ആയി രണ്ടു ന്യൂനമര്‍ദങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിനിടെ കലക്ടര്‍മാരുടെ പേജിലാകെ ചോദ്യം ഇന്ന് അവധിയുണ്ടോ സാറെ എന്നാണ്. അവധിയുണ്ടോ കലക്ടറെ, നല്ല മഴയും തണുപ്പുമാണ്, അവധി തരില്ലെ , എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ചില വിരുതന്‍മാര്‍ ഇന്ന് അവധിയാണെന്ന് പറഞ്ഞ് കലക്ടര്‍മാരുടെ പേജില്‍ കമന്‍റായി പേസ്റ്റ് ചെയ്യുന്നുണ്ട്.

അതേ സമയം  എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇടവിട്ട മഴ തുടരുന്നു. കണ്ണമാലി, ചെറായി, നായരമ്പലം, വൈപ്പിന്‍ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കടലാക്രമണത്തിനുള്ള സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്. കാലടി കളമ്പാട്ടുപുരത്ത് മരം കടപുഴകി വീണ് കുറിയേടം വര്‍ഗീസിന്‍റെ വീട് തകര്‍ന്നു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കൊച്ചി ഏലൂര്‍ വടക്കുംഭാഗത്ത് കൂറ്റന്‍ ആല്‍മരത്തിന്‍റെ ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനിയടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. തലയ്ക് ഗുരുതരമായി പരുക്കേറ്റ പത്ത് വയസുകാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊച്ചി കണ്ണമാലി,ചെറിയകടവ് ഭാഗങ്ങളിൽ കടലാക്രമണത്തിൽ രണ്ടു ദിവസത്തിനിടെ തകർന്നത് 10 വീടുകൾ. മുൻവർഷങ്ങളെക്കാൾ രൂക്ഷമായ കടൽക്ഷോഭമാണ് ഈ തീരദേശ മേഖലയിൽ അനുഭവപ്പെടുന്നത്.

ENGLISH SUMMARY:

Children are reportedly asking district collectors on their social media pages about whether today is a holiday, amidst light rain expected in Kerala. An Orange Alert has been issued for Kannur and Kasaragod, while Alappuzha, Ernakulam, Thrissur, Malappuram, Kozhikode, and Wayanad districts are under a Yellow Alert. The intensity of rain is expected to decrease from today. Fishermen have been warned not to venture into the Kerala-Lakshadweep coast today and tomorrow due to the possibility of winds reaching speeds of up to 60 kmph. Two low-pressure areas are currently located over South Gujarat in the Arabian Sea and near Bangladesh in the Bay of Bengal. Widespread rain, with isolated heavy rainfall, is anticipated in the coming days.