പൂര്‍ണആരോഗ്യവാന്‍/വതിയായിട്ടും ഇന്നേ വരെ രക്‌തദാനം ചെയ്യാത്ത ഒരാളാണോ നിങ്ങൾ? ഏറ്റവും ലളിതമായ രീതിയിൽ ഒരു ജീവൻ രക്ഷിക്കാനുള്ള വഴിയാണ് ഇല്ലാതെയാക്കുന്നത്. 'നിങ്ങളുടെ കണ്ണീരിനു ഒരിക്കലും ഒരു ജീവൻ രക്ഷപെടുത്താൻ കഴിയില്ല, പക്ഷെ രക്തത്തിന് അത് കഴിയും'....ഈ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. "രക്തം നൽകൂ, പ്രത്യാശ നൽകൂ, ഒരുമിച്ചു നമ്മൾ ജീവൻ രക്ഷിക്കുന്നു "എന്നതാണ് ഇത്തവണത്തെ പ്രമേയം. പക്ഷെ,എത്രത്തോളം ബോധവൽക്കരണം നടത്തിയിട്ടും ആവശ്യത്തിന് രക്തദാതാക്കളെ ഇപ്പോഴും കിട്ടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
എന്താണ് രക്തദാനം?
പൂർണ ആരോഗ്യവാനായ 18നും 65നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും സ്വന്തം രക്തം ദാനം ചെയ്യാം.ആവശ്യമുള്ള വ്യക്തിക്ക് ആശുപത്രിയിൽ എത്തിയോ, അല്ലെങ്കിൽ ബ്ലഡ് ബാങ്ക് വഴിയോ നൽകാം. പ്രായപൂർത്തി ആയ ഒരാളുടെ ശരീരത്തിൽ ശരാശരി 5ലിറ്റർ രക്തമുണ്ട്. അതിൽ 350 മില്ലി ലീറ്റർ മാത്രമാണ് ദാനസമയത്ത് സ്വീകരിക്കുന്നത്. ഇതാണെങ്കിൽ പെട്ടന്ന് തന്നെ ശരീരത്തിൽ ഉണ്ടാവുകയും ചെയ്യും. അതിനാൽ തന്നെ ദാതാവിന് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാവുകയുമില്ല.
ആർക്കെല്ലാം രക്തം ദാനം ചെയ്യാം?
*18നും 65നും ഇടയിൽ പ്രായമുള്ള പൂർണ ആരോഗ്യമുള്ള ആർക്കും രക്തം ദാനം ചെയ്യാം
* ശരീരഭാരം 50കിലോയിൽ കൂടുതൽ വേണം
* ഹീമോഗ്ലോബിൻ സ്ത്രീകൾക്ക് 12.5ഗ്രാം, പുരുഷൻമാർക്ക് 12ഗ്രാം വേണം
* ബി.പി. നോർമൽ ആയിരിക്കണം
*ഹൃദയം, വൃക്ക, കരൾ രോഗങ്ങൾ ഉള്ളവരും അപസ്മാരമുള്ളവരും, മാനസിക അസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നവക്കും രക്തം ദാനം ചെയ്യാൻ സാധിക്കില്ല.
*HIV, ക്ഷയം കുഷ്ഠം, ആസ്ത്മ, പ്രമേഹ രോഗികൾക്കും രക്തം ദാനം ചെയ്യാൻ കഴിയില്ല. ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർക്കും.
* ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ഒരു വർഷത്തേക്ക് രക്തം നൽകാൻ പറ്റില്ല
*ടാറ്റൂ ചെയ്യൽ, ശരീരം തുളയ്ക്കൽ, റൂട്ട് കനാൽ, ഡെന്റൽ എക്സ്ട്രാക്ഷൻ എന്നിവ ചെയ്ത ശേഷം ആറ് മാസം കഴിഞ്ഞേ രക്തദാനം സാധ്യമാവൂ
*ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ആർത്തവ സമയത്തു അസ്വസ്ഥത ഉണ്ടെങ്കിലും സ്ത്രീകൾ രക്തം ദാനം ചെയ്യേണ്ടതില്ല
ഒരുപാട് പേർ രക്തം ദാനം ചെയ്യാൻ എത്തിയാൽ പോലും ഇത്രയും നിബന്ധനകൾ പാലിച്ചു വരുമ്പോൾ എത്രപേർക്ക് രക്തം നൽകാൻ സാധിക്കുമെന്നതിൽ ഒരു ഏകദേശം ധാരണ ഇപ്പോൾ ഉണ്ടായിക്കാണുമല്ലോ. രക്തം ദാനം ചെയ്യാൻ മുന്നോട്ടു വരുന്നവർ കുറവാണ് എന്നത് തന്നെയാണ് വെല്ലുവിളി. രക്തബാങ്കുകളിൽ രക്തം നിശ്ചിത സമയത്തേക്ക് മാത്രമേ സൂക്ഷിക്കാൻ സാധിക്കുക ഉള്ളൂ . അതിനാൽ ഇടയ്ക്കിടെ രക്തം പുതുക്കേണ്ടിവരും.സ്വയം സന്നദ്ധരായ ദാതാക്കൾ ഉണ്ടെങ്കിൽ മാത്രമേ ഈ പ്രക്രിയ മുന്നോട്ടു പോകു. സാധാരണ ഗ്രൂപ്പിൽ ഉള്ള രക്തം പോലും കിട്ടാൻ ബുദ്ധിമുട്ട് ഉള്ളപ്പോൾ അപൂർവ ഗ്രൂപ്പുകളുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ.
രക്തദാനത്തിന് മുൻപ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
*ശരീരികമായും മാനസികമായും തയ്യാറാവുക
*രക്തദാനത്തിന് മുൻപ് നന്നായി ഉറങ്ങുക, വിശ്രമിക്കുക
*നല്ല ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക
*24മണിക്കൂർ മുൻപ് മദ്യപിക്കരുത്
* രക്തദാനം ചെയ്ത ശേഷം ഒരു ദിവസത്തേക്ക് കഠിനമായ ജോലികൾ ഒഴിവാക്കുക
നിങ്ങളുടെ കുറച്ചു മിനിറ്റുകൾ, നിങ്ങളുടെ കുറച്ചു രക്തം.... ഒരുപക്ഷെ തിരിച്ചു കൊണ്ടുവരുന്നത് ഒരു പുഞ്ചിരിയല്ല, ഒരുപാട് പുഞ്ചിരികൾ ആവാം. ജീവന്റെ, കരുണയുടെ, കടമയുടെ ദ്രവരൂപമാണ് രക്തം. അത് നമുക്ക് ചിന്താതിരിക്കാം പകരം ദാനം ചെയ്യാം.