തനിക്ക് ഓട്ടിസമുണ്ടെന്ന് ഗായിക ജ്യോത്സ്ന . ‘ടെഡ് എക്സ് ടോക്സി’ലാണ് ജ്യോത്സ്ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടിസത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഇത് തുറന്നുപറയുന്നതെന്നും, ജീവിതത്തിലെ പല ചോദ്യങ്ങൾക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസൾട്ടായിരുന്നെന്നും ഗായിക പറയുന്നു.
'എനിക്ക് ഓട്ടിസമുണ്ടെന്ന് ഉറപ്പിക്കാനായി മൂന്ന് തവണ പരിശോധന നടത്തി. ‘ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ടാണ് ഞാൻ. യുകെയില്‍ വെച്ച് ഒരു കോഴ്സ് പഠിക്കാൻ തുടങ്ങി. അപ്പോഴാണ് എന്നെക്കുറിച്ച് തന്നെ ചില സംശയങ്ങൾ ഉണ്ടായത്. തുടര്‍ന്ന് മാനസികരോഗ വിദഗ്ധനെ കണ്ടു.
അങ്ങനെ പരിശോധന നടത്തിയപ്പോഴാണ് ഓട്ടിസം സ്ഥിരീകരിക്കുന്നത്. കാണുമ്പോൾ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് പലരും പറയും. ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് അത്തരത്തില്‍ പലരും പറയുന്നത്. എല്ലാ മനുഷ്യരും, ഏതെങ്കിലുമൊക്കെ രീതിയിൽ ഓട്ടിസ്റ്റിക്കാണെന്ന് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്.
എന്നാലത് അങ്ങനെയല്ല. ഒന്നികില്‍ നിങ്ങൾ ഓട്ടിസ്റ്റിക്കായിരിക്കും, അല്ലെങ്കിൽ അല്ലായിരിക്കും. ഓട്ടിസം ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങളാണ്. അത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും അറിയുകയും ചെയ്യുകയെന്നതാണ്.
ചുറ്റും നടക്കുന്ന പല കാര്യങ്ങളോടും വൈകാരികമായി പ്രതികരിച്ചുകൊണ്ടിരുന്നതിന്‍റെ കാരണം മനസ്സിലായത് ആ ടെസ്റ്റ് റിസള്‍ട്ട് വന്നതോടെയാണ്. എന്‍റെ ജീവിതത്തില്‍ ഞാൻ ചോദിച്ച അതേ ചോദ്യങ്ങൾ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേർ ഇവിടെയുണ്ട്. മാറ്റം വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ആരംഭിക്കണം. ഓട്ടിസം കണ്ടെത്താനുള്ള ടൂളുകൾ ആവശ്യമാണ്.
കാരണം ഓട്ടിസ്റ്റിക്കായവര്‍ക്ക് വേണ്ടി നിർമിക്കാത്ത ഒരു ലോകത്താണ് അവർ ജീവിക്കുന്നത്. അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടൊന്നും ആരും അറിയുന്നില്ല, പുറത്ത് കാണാൻ കഴിയുന്നുമില്ല'. ജ്യോത്സ്ന പറഞ്ഞു.