ഇന്നലെ അന്തരിച്ച പ്രശസ്ത ബ്രിട്ടിഷ് നോവലിസ്റ്റ് ഫ്രെഡറിക് ഫോര്‍സിത്തിന് കേരളവുമായി പ്രത്യേകിച്ച് ബന്ധമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ‘അഫ്ഗാന്‍’ എന്ന നോവലിലെ കേരള ബന്ധം പണ്ട് വന്‍ വിവാദമായി, പ്രതിഷേധത്തിന് ഇടയാക്കി.
‘കേരളം ഒരുകാലത്ത് കമ്യൂണിസത്തിന്റെ വിളനിലം, ഇപ്പോള്‍ ഇസ്‌ലാമിക തീവ്രവാദത്തെ വരവേറ്റ നാട്’ – കേരളത്തെ അന്ന് ഫോര്‍സിത് വിശേഷിപ്പിച്ചത് ഇങ്ങനെ. രണ്ട് മലയാളി തീവ്രവാദികളാണ് ഫോര്‍സിത്തിന്റെ നോവലില്‍ അഫ്ഗാനിസ്ഥാനിലെ അല്‍ ഖായിദ കേന്ദ്രത്തിലുള്ളത്. 2006ല്‍ ഇറങ്ങിയ ഈ നോവലിനും ഫോര്‍സിത്തിനുമെതിെര അന്ന് കേരളത്തില്‍ വന്‍ പ്രതിഷേധമായിരുന്നു. – ‘കേരളത്തെയോ മലയാളികളെയോ ഫോര്‍സിത്തിന് അറിയില്ല. എവിടെ മുസ്‌ലിംകളുണ്ടോ അവിടെ തീവ്രവാദവും ഉണ്ടാവും എന്നായിരിക്കും അദ്ദേഹത്തിന്റെ വിചാരം’ – സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ അന്ന് ‘ദ് വീക്ക്’ വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും ചാര ഏജന്‍സികള്‍ക്ക് 9/11നേക്കാള്‍ തീവ്രമായ ഒരു ആക്രമണം അല്‍ഖായിദ നടത്തുമെന്ന വിവരം കിട്ടുന്നതും ഇതിന്റെ വിവരങ്ങള്‍ അറിയാനുള്ള അവരുടെ ശ്രമങ്ങളുമാണ് നോവലിന്റെ ഉള്ളടക്കം. ഇതിനായി അവര്‍ അമേരിക്കയുടെ തടവിലുള്ള മുന്‍ താലിബാന്‍ കമാന്‍ഡര്‍ ഇസ്മത് ഖാനെന്ന വ്യാജേന അതേ രൂപസാദൃശ്യമുള്ള വിരമിച്ച ബ്രിട്ടിഷ് കേണലിനെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നു. എട്ട് പ്രമുഖ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ‘ജി എട്ട്’ ഉച്ചകോടിക്കു വേദിയായ കപ്പല്‍ സ്ഫോടനത്തില്‍ തകര്‍ക്കാനാണ് ശ്രമമെന്ന് ഈ കേണല്‍ കണ്ടെത്തുന്നു. ഈ ചാവേര്‍ സംഘടനയിലെ അംഗങ്ങളാണ് ‘ദ് അഫ്ഗാന്‍’ നോവലിലെ രണ്ട് മലയാളികള്‍. ട്രിനിഡാഡിലെ അല്‍ ഖായിദ ഉപസംഘടനയായ ജമാ അത്ത് അല്‍ മുസല്‍മീനില്‍ നിന്ന് അവര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയെന്നാണ് ഫോര്‍സിത്ത് പറയുന്നത്.
ബ്രിട്ടിഷ് ചാരസംഘടനയിലെ ഇന്റലിജന്‍സ് ഓഫിസറായിരുന്ന, മാധ്യമപ്രവര്‍ത്തകനായിരുന്ന ഫോര്‍സിത്തിന്റെ സാഹിത്യത്തില്‍ സത്യത്തിന്റെ അതിര്‍വരമ്പുകളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ അന്നുമുണ്ട്, ഇന്നുമുണ്ട്. ബെൽറ്റ് ബോംബ് എന്ന ആശയം രൂപം കൊണ്ടത് ഫോര്‍സിത്തിന്റെ 'നെഗോഷിയേറ്റർ' എന്ന നോവലിൽ നിന്നാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ തന്നെയാണ് ‘ഫിസ്റ്റ് ഓഫ് ഗോഡ്’ എന്ന നോവലില്‍ സദ്ദാം ഹുസൈന്റെ സ്വപ്നമായ ‘ദൈവത്തിന്റെ മുഷ്ടി’ എന്ന സൂപ്പര്‍ പീരങ്കി. നാസയുടെ ബഹിരാകാശവാഹനം കൊളംബിയ പൊട്ടിച്ചിതറിയപ്പോൾ പണ്ട് 'ഫിസ്‌റ്റ് ഓഫ് ഗോഡ്' വായിച്ചവർ അതുകൊണ്ടു തന്നെ സംശയിച്ചു.
മലയാള മനോരമയിലെ തന്റെ പ്രതിവാര കോളമായിരുന്ന ‘വെള്ളിടി’യില്‍ ‘അഫ്ഗാന്‍’ വിവാദമായതിനു പിന്നാലെ എന്‍.എസ്.മാധവന്‍ എഴുതി. ‘ഫോർസിത്ത് കേരളത്തിന്റെ മനസ്സു തേടിയിരുന്നെങ്കിൽ ഇസ്‌ലാമിക തീവ്രവാദം പോയിട്ട് ഒരുതരത്തിലുള്ള തീവ്രവാദവും മലയാളികൾ ഇഷ്‌ടപ്പെടുന്നില്ലെന്നു മനസ്സിലാക്കിയേനെ. തീവ്രവാദികൾ കേരളത്തിൽ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, അവർ അധരതലത്തിലാണെങ്കിൽ വരമ്പിനപ്പുറത്തു നിർത്തി ശുഷ്‌കിപ്പിക്കാനുള്ള വിരുത് നമ്മുടെ ശാന്തിപ്രിയമായ സമൂഹം നേടിയിട്ടുണ്ട്. നിഷ്‌കളങ്കരെ കൊല്ലുന്ന തീവ്രവാദികളെ വേർതിരിച്ചു നിർത്തി അടിച്ചമർത്തണം എന്ന അറിവും മതവിശ്വാസികളും അല്ലാത്തവരുമായ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ജലത്തിൽ മൽസ്യങ്ങളെപ്പോലെ ജീവിക്കുന്ന നമ്മുടെ സമൂഹത്തിനുണ്ട്.’
ചരിത്രത്തെയും സ്വന്തം അറിവിനെയും ചേര്‍ത്ത് തന്റെ സാങ്കല്‍പിക കഥാപാത്രങ്ങളെ നോവലാക്കുന്ന രീതിയാണ് ഫോര്‍സിത്തിന്റേത്. സത്യം വിദൂരമെങ്കിലും അത് ചില യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ശരിയെന്നു തോന്നിപ്പിക്കാവുന്ന രചനാരീതി – ഇതു തന്നെയാണ് അദ്ദേഹത്തിന്റെ രചനകളെ ബെസ്റ്റ് സെല്ലറാക്കുന്നതും. പക്ഷേ, കേരളത്തില്‍ അത് വിറ്റുപോയില്ലെന്നു മാത്രം.