മഴക്കാലമാണ്. പാടത്തും പറമ്പിലുമെല്ലാം ഇനി പാമ്പുകളെ കൂടുതൽ കണ്ടെന്നു വരാം. കാരണം ഇത് പാമ്പുകളുടെ പ്രജനനകാലം കൂടിയാണ്. ഇക്കൂട്ടത്തിൽ പ്രധാനിയാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ് (Indian Rock Python ). വീടിന്‍റെ പരിസരത്ത് നിന്നും കോഴിക്കൂടിനുള്ളിൽ നിന്നുമൊക്കെ പെരുമ്പാമ്പിനെ പിടികൂടിയ വാർത്തയും ദൃശ്യങ്ങളും ഈ ദിവസങ്ങളിൽ ഒരുപാട് വന്നിട്ടുമുണ്ട്. ഇവയെ പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ടു പേർക്ക് കടിയേറ്റെന്ന വാർത്തയും കഴിഞ്ഞ ദിവസം കണ്ടു.
പെരുമ്പാമ്പ് കടിക്കുമോ?
എന്താ സംശയം? പെരുമ്പാമ്പ് നല്ല അസ്സലായി കടിക്കും. വിഷമില്ലാത്തതിനാൽ കടിച്ചാലും പ്രശ്നമില്ലെന്നും ധരിക്കരുത്. നല്ല ബലമുള്ള പല്ലുകൾ ആയതിനാൽ കടിയുടെ ആഘാതം വളരെ കൂടുതൽ ആയിരിക്കും. രക്തക്കുഴലുകൾ മുറിഞ്ഞു പോകാനും വലിയ തോതിൽ രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്. ഒപ്പം മുറിവിൽ അണുബാധ ഉണ്ടാവാനും ഇടയുണ്ട്. അതുകൊണ്ട് കടിയേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. മുറിവിൽ പച്ചമരുന്നുകള്‍ വച്ചുകെട്ടുന്നതും മറ്റ് പൊടിക്കൈ പ്രയോഗങ്ങളും ഒഴിവാക്കുക.
മനുഷ്യനെ വിഴുങ്ങുമോ?
മനുഷ്യനെ വിഴുങ്ങാൻ ഉള്ള വലിപ്പം നമ്മുടെ പെരുമ്പാമ്പുകൾക്ക് ( Indian Rock Python ) ഇല്ല. അവ മനുഷ്യനെ സ്വാഭാവിക ഇരകൾ ആയി കാണുന്നുമില്ല. അതുകൊണ്ട് തന്നെ മനുഷ്യനെ പ്രതേകിച്ച് കുഞ്ഞുങ്ങളെ ഉപദ്രവിച്ചേക്കാം എന്നത് ഒരു വിദൂരഭയം മാത്രമാണ്. എന്നാൽ ജീവൻ അപകടത്തിൽ ആണെന്ന് തോന്നുന്നപക്ഷം അവ മനുഷ്യനെ ചുറ്റിവരിയാനും കൊല്ലാനും ശ്രമിക്കാറുണ്ട്. ഇങ്ങോട്ട് വന്നു ആക്രമിക്കില്ല. അങ്ങോട്ട് ചെന്നാൽ വെറുതെ വിടുകയുമില്ല എന്ന് ചുരുക്കം. സസ്തനികൾ,എലി വർഗ്ഗത്തിൽപ്പെട്ട ജീവികൾ, പക്ഷികൾ, തവളകൾ എന്നിവയാണ് സാധാരണ ഗതിയിൽ പെരുമ്പാമ്പുകളുടെ ആഹാരം.