കേരള രാഷ്ട്രീയത്തിലെ മോഹമുക്തനായ നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.  2001ല്‍ യു.ഡി.എഫിന് നൂറുമേനി വിജയം സമ്മാനിച്ച കെ.പി.സി.സി അധ്യക്ഷന്‍. പദവി ഏറ്റെടുക്കാനും ഒഴിയാനും ആവശ്യപ്പെട്ടപ്പോള്‍ ഒരു അപശബ്ദവും ഉണ്ടാക്കാതെ കസേര ഒഴിഞ്ഞ പാരമ്പര്യമാണ് തെന്നലയുടെത്. ഉണ്ടായിരുന്ന 12 ഏക്ക‍റില്‍ മുഴുവന്‍ പാ‍ര്‍ട്ടിക്കായി വിറ്റുത്തുലച്ച തെന്നലയുടെ ജീവിതപാത പക‍ര്‍ത്താന്‍ അത്ര എളുപ്പമല്ല. 

വ‍ര്‍ഷം 2001.നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജനം നൂറുമേനി വിജയം നൽകുന്നു. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ആലോചിച്ചുവച്ച ധാരണയനുസരിച്ച് എ.കെ.ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാന്‍ തയാറെടുക്കുന്നു. യുഡിഎഫിനെ നൂറു സീറ്റിന്റെ വിജയിച്ചത്തിലേക്ക് നടത്തിച്ച കെ.പി.സി .സി അധ്യക്ഷന്‍  തെന്നല ബാലകൃഷ്ണപിള്ളയുടെ ചെരുപ്പ് ഏതാണ്ട് തേഞ്ഞൊട്ടിയിരുന്നു. മേയ് 16 രാവിലെ പുതിയൊരു ചെരുപ്പ് വാങ്ങാന്‍ സെക്രട്ടേറിയറ്റിന് സമീപത്തെ കടയില്‍ നില്‍ക്കുകയായിരുന്നു തെന്നല. ഒപ്പമുണ്ടായിരുന്ന പന്തളം സുധാകരന്റെ മൊബൈല്‍ ശബ്ദിച്ചു.  അന്ന് അപൂര്‍വം പേര്‍ക്ക് മാത്രമുണ്ടായിരുന്ന  മൊബൈലിലെ സന്ദേശം പ്രസിഡന്റുമായി എത്രയും വേഗം ഗസ്റ്റ് ഹൗസിലെത്താനായിരുന്നു . കേന്ദ്രനിരീക്ഷകരായ ഗുലാംനബി ആസാദിനും മോട്ട‍ിലാല്‍ വോറയ്ക്ക് തെന്നലയെ കാണണം. പുതിയ ചെരുപ്പിട്ട് ഗസ്റ്റ്ഹൗസില്‍ എത്തുമ്പോള്‍ തെന്നലയെ കാത്തുനിന്നത് കെ.മുരളീധരന് വേണ്ടി അധ്യക്ഷ പദവിയൊഴിയണമെന്ന ഹൈക്കമാന്‍ഡ് സന്ദേശമാണ്. അതും എ.കെ.ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് തന്നെ. മറുത്തൊരു വാക്ക് പറയാതെ രാജിക്കത്ത് നല്‍കി. ഇന്ദിരാഭവന്റെ പടികളിറങ്ങി. തെന്നലയോട് മാധ്യമപ്രവ‍ര്‍ത്തകര്‍ ചോദിച്ചു. മുറിവേറ്റ ഹൃദയവുമായാണോ ഇറങ്ങുന്നതെന്ന്. തന്നെ ആ‍ര്‍ക്കും മുറിപ്പെടത്താനാവില്ലെന്ന തെന്നലയുടെ മറുപടി. അതായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. 

ഇരുട്ടിവെളുക്കും മുൻപ്   ഗ്രൂപ്പുവിട്ട് ഗ്രൂപ്പുമാറുന്ന ഇന്നത്തെ നേതാക്കൾക്ക് തെന്നലയുടെ രാഷ്ട്രീയം അതിശയമായിരിക്കും. രണ്ടുവട്ടം അടൂരില്‍ നിന്ന് നിയമസഭാംഗവും മൂന്നുവട്ടം രാജ്യസഭാംഗവും ആയെങ്കിലും പാരമ്പര്യസ്വത്ത് എല്ലാം വിറ്റുതുലച്ചതാണ് തെന്നലയുടെ പാരമ്പര്യം. 12 ഏക്കര്‍ ഭൂമിയില്‍ അവശേഷിച്ചത് 11 സെന്റ് മാത്രം. തെല്ലും പരിഭമമില്ലാതെയാണ് അതേക്കുറിച്ച്  ഒരിക്കല്‍ തെന്നല മനസുതുറന്നത്. 

തൂവെള്ള ഖദര്‍പോലെ കറപുരളാത്ത വ്യക്തിത്വം. ആരോടും നോ പറയാത്ത പ്രകൃതം. പറയേണ്ടവന്നാല്‍ തന്നെ ഉള്ളുപൊള്ളിക്കാതെ കാര്യം വ്യക്തമാക്കുന്ന നേതാവ്. 1970ലെ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനാവാകാത്ത സാഹചര്യം വിശദീകരിച്ച സി.എം.സ്റ്റീഫനോട് പങ്കുവച്ചത് ഇത്രമാത്രം.

1931 മാർച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തിലായിരുന്നു തെന്നലയുടെ ജനനം. രാഷ്ട്രീയജീവിതം തുടങ്ങിയത് ശൂരനാട് പുളികുളം വാർഡ് കമ്മിറ്റി അംഗമായി. വാ‍ര്‍ഡ് കമ്മിറ്റി അംഗത്തില്‍ നിന്ന് കെ.പി.സി.സി അധ്യക്ഷ പദവിയിലെത്തിയത് രണ്ടുതവണ.

കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന് രണ്ടു ബാലകൃഷ്ണപിള്ളമാരെയാണ് കൊല്ലം സംഭാവനചെയ്തത്. ഒരാള്‍ ശൂരനാട്ടുകാരന്‍  മറ്റൊരാള്‍ വാളകം കീഴൂട്ടു തറവാട്ടുകാരന്‍. തെന്നലയുടെ ജന്മനാടായ ശൂരനാട് നിന്ന് അധികം ദൂരമില്ല ആ‍ര്‍.ബാലകൃഷ്ണപിള്ളയുടെ വാളകത്തേക്ക്. രണ്ടു ബാലകൃഷ്ണപിള്ളമാരുടെയും ഷ‍ര്‍ട്ടിന്റെ കോളറുകളിലും രാഷ്ട്രീയത്തിന്റെ സ്വഭാവം കണ്ടവരുണ്ട്. രണ്ടുപേരും ഖദര്‍ധാരികള്‍ പക്ഷേ. കഴുത്തില്‍ ഉരുമാത്ത താന്‍പോരിമ വിളിച്ചോതുന്നതായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയുടെ കുപ്പായത്തിന്റെ കോളര്‍. ശരീരത്തിലേക്ക് അലസമായി ‌ഒട്ടിക്കിടക്കുന്ന, എളിമയുടെ പ്രതീകമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ  കോളര്‍.  വസ്ത്രം വ്യക്തിയെ വിളിച്ചറിയിക്കുമെന്ന പഴഞ്ചൊല്ലുപോലെ...

ENGLISH SUMMARY:

Thennala Balakrishna Pillai was a disillusioned yet exemplary leader in Kerala politics. As KPCC President, he led the UDF to a resounding victory with 100 seats in 2001. He was known for gracefully accepting and relinquishing positions without any dissent. His life path, including selling his entire 12 acres of land for the party, is a difficult legacy to emulate, highlighting his profound selflessness.