അങ്കണവാടിയില്‍ ഇനി ബിരിയാണി കിട്ടും. മെനു പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുട്ട ബിരിയാണിയും പുലാവും മെനുവില്‍ ഉള്‍പ്പെടുത്തി. പാലും മുട്ടയും ആഴ്ചയില്‍ മൂന്ന് ദിവസമായി വര്‍ധിപ്പിച്ചു. ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. Also Read: ഉപ്പുമാവ് തിന്നു മടുത്തു; ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’ വേണം
മുട്ടയും പാലും ഉള്‍പ്പടെയുള്ള പോഷകാഹാരങ്ങള്‍ നേരത്തെ തന്നെ അങ്കണവാടിയിലെ മെനുവിന്‍റെ ഭാഗമാക്കിയിരുന്നു. അത് വിജയകരമായി മുന്നേറുന്നുമുണ്ട്. 'വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ അങ്കണവാടികളിൽ പലതരം ഭക്ഷണങ്ങൾ നൽകുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കു'മെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോയ്ക്ക് പിന്നാലെ ആരോഗ്യമന്ത്രിയുടെ പ്രസ്താവന.
പരിഷ്‌ക്കരിച്ച ഭക്ഷണ മെനു ഇങ്ങനെ: തിങ്കളാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം. ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട. ബുധനാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഢലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്‌സ്.
വെള്ളിയാഴ്ച പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കുന്നതാണ്. ഓരോ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ചേരുവകളും അവയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം, പ്രോട്ടീന്‍ എന്നിവയടങ്ങിയ പോഷകമൂല്യവും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.