ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കണമെന്ന പരാതിക്ക് പരിഹാരം കാണാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ് ടെസ്റ്റ് പരീക്ഷ കഴിയുമ്പോള്‍ തന്നെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാനാവുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ടാബ് നല്‍കാനാണ് തീരുമാനം.
ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാലും ലൈസന്‍സ് കിട്ടല്‍ വലിയ കടമ്പയാണ്. ലൈസന്‍സ് പ്രിന്‍റ് ചെയ്ത് കിട്ടണമെങ്കില്‍ മാസങ്ങളെടുക്കും. പരിവാഹന്‍ സൈറ്റില്‍ നിന്ന് നേരിട്ട് പ്രിന്‍റെടുക്കാമെന്ന് വെച്ചാല്‍ അവിടെ അപ് ലോഡാകാനും ദിവസങ്ങളെടുക്കും. ഈ പരാതിക്ക് പരിഹാരം കാണാന്‍ നടപടിയായെന്നാണ് ഗതാഗത കമ്മീഷണറുടെ ഉറപ്പ്. ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാന്‍ പോകുന്ന ടാബിലാണ് പ്രതീക്ഷ മുഴുവന്‍.
ടെസ്റ്റ് കഴിയുമ്പോള്‍ ആ ഗ്രൗണ്ടില്‍ വെച്ച് ടാബ് വഴി ഫലം ഉദ്യോഗസ്ഥര്‍ അപ്ലോഡ് ചെയ്യും. ആ നിമിഷം തന്നെ നമുക്ക് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗസ്ഥര്‍ക്ക് ടാബ് വാങ്ങാനുള്ള തീരുമാനം ഗതാഗത അതോറിറ്റിയോഗം അംഗീകരിച്ചു. ജൂലൈ ആദ്യം മുതല്‍ ഞൊടിയിടയില്‍ ലൈസന്‍സ് കയ്യില്‍ കിട്ടിയേക്കും.