AI Generated Image
തകരാറിലായ ലിഫ്റ്റില്‍ കുടുങ്ങി കട്ടപ്പനയിലെ ജ്വല്ലറി ഉടമയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത് കഴിഞ്ഞദിവസമാണ്. നിയന്ത്രണം വിട്ട ലിഫ്റ്റ് അതിവേഗത്തില്‍ കെട്ടിടത്തിന്റെ മുകളിലേക്കുപോയി അഞ്ചാംനിലയിൽ ഇടിച്ചുനിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ഫോഴ്സ് എത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് സണ്ണി ഫ്രാന്‍സിസിനെ പുറത്തെടുത്തത്. അപ്പോഴേക്കും തലയിലും ശരീരഭാഗങ്ങളിലും പരുക്കേറ്റ് രക്തം വാര്‍ന്ന് പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി മരിച്ചിരുന്നു. അങ്ങേയറ്റം ദാരുണമായ അന്ത്യം.
ഇന്നലെ രാവിലെ മിക്ക പത്രങ്ങളുടെയും ഒന്നാംപേജില്‍ വന്ന വാര്‍ത്തയായിരുന്നു സണ്ണിയുടെ മരണം. ഇന്നലെ ഉച്ചയ്ക്കുശേഷം കൊച്ചിയില്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു യുവതിയുടെ അനുഭവമാണിത്. ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് ഫ്ലാറ്റിലെത്തിയത്. ലിഫ്റ്റില്‍ കയറി രണ്ടാംനിലയിലേക്കുള്ള ബട്ടണ്‍ പ്രസ് ചെയ്തു. ലിഫ്റ്റ് നേരെ പോയി നിന്നത് അഞ്ചാംനിലയില്‍. പിന്നാലെ തിരികെ താഴേക്ക്. അപ്പോഴും രണ്ടാംനിലയില്‍ നിന്നില്ല. ഗ്രൗണ്ട് ഫ്ലോറിലെത്തി. ആശങ്കപ്പെട്ട യുവതി ഗ്രൗണ്ട് ഫ്ലോറില്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ ലിഫ്റ്റ് തുറക്കുന്നില്ല, ചെറിയ തോതില്‍ ഡോര്‍ അനങ്ങിയെങ്കിലും തുറന്നില്ല. ഭയന്നുപോയ അവര്‍ അടുത്തടുത്ത നിലകളിലെല്ലാം പ്രസ് ചെയ്തെങ്കിലും സമാനമായ രീതിയില്‍ ലിഫ്റ്റ് മൂവ് ചെയ്ത ശേഷം മൂന്നാമത്തെ നിലയില്‍ ചെന്നുനിന്നു.
വല്ലാതെ ഉലഞ്ഞെങ്കിലും മനോനില വീണ്ടെടുത്ത് വീട്ടുകാരെയും സുരക്ഷാ ജീവനക്കാരേയും വിവരം അറിയിച്ചു. ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരടക്കം വന്ന് പല രീതിയില്‍ ശ്രമിച്ചെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. ഇതിനിടെ ലിഫ്റ്റ് മൂന്നാംനിലയില്‍ നിന്ന് വീണ്ടും ചലിക്കാന്‍ തുടങ്ങി. നേരെ താഴത്തെനിലയിലേക്കും അവിടെനിന്ന് വീണ്ടും മൂന്നാംനിലയിലേക്കും. ആദ്യമാദ്യം സാധാരണ വേഗത്തില്‍ സഞ്ചരിച്ച ലിഫ്റ്റിന് അല്‍പം കഴിഞ്ഞപ്പോള്‍ വേഗം കൂടാന്‍ തുടങ്ങി. ഇതോടെ ഭയന്നുവിറച്ച യുവതി ലിഫ്റ്റിന്‍റെ മൂലയ്ക്ക് ചേര്‍ന്നിരുന്നു. ഇതിനിടെ ലിഫ്റ്റ് സാങ്കേതിക വിദഗ്ധരെ വിവരമറിയിച്ചെങ്കിലും അര മണിക്കൂര്‍ കഴിഞ്ഞും ഒന്നും സംഭവിച്ചില്ല.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. പക്ഷേ കനത്ത മഴയും കാറ്റും, മരങ്ങളും വൈദ്യുതക്കമ്പികളും വീണ് ഗതാഗതം തടസപ്പെട്ടതോടെ ഫയര്‍ഫോഴ്സ് വാഹനം വഴിയിലായി. ഇതിനിടെ ലിഫ്റ്റിന്റെ ചലനം തടയാനായി ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ യുവതി പതറാതെ ഇരുന്നു. ഇതിനിടെ സാങ്കേതിക വിദഗ്ധര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് പല നിര്‍ദേശങ്ങള്‍ നല്‍കി. ലിവര്‍ പിടിച്ചു ഉയര്‍ത്താനും മറ്റും പറയുതെല്ലാം കേള്‍ക്കുന്നുണ്ട്. സാങ്കേതികവശങ്ങളൊന്നുമറിയാതെ സെക്യൂരിറ്റി ജീവനക്കാര്‍ തെറ്റായി എന്തെങ്കിലും ചെയ്താല്‍ കൂടുതല്‍ പ്രശ്മായാലോ എന്ന ആശങ്ക കൂടിവന്നു. ഒന്നരമണിക്കൂറോളം പിന്നിട്ടതോടെ സര്‍വീസ് ടെക്നീഷ്യന്മാരെത്തി ലിഫ്റ്റ് തുറന്ന് യുവതിയെ പുറത്തിറക്കി.
ജീവിതത്തില്‍ ഏറ്റവും പേടിപ്പെടുത്തിയ അനുഭവം തരണം ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് പത്രത്തിന്‍റെ ഒന്നാംപേജില്‍ ജ്വല്ലറിയുടമയുടെ മരണവാര്‍ത്ത കണ്ടത്. രാവിലെ തിരക്കുകാരണം പത്രം വായിക്കാന്‍ കഴിയാതെ പോയതില്‍ ആ നേരം അവര്‍ ആശ്വസിച്ചു. ഉറ്റവരുടെ ആശ്വാസവും പറഞ്ഞറിയാക്കാനാവുന്നതായിരുന്നില്ല.
ആര്‍ക്കും സംഭവിക്കാവുന്നൊരു സാഹചര്യമാണിത്. മഴക്കാലമാണ്, ഇടക്കിടെ കറന്റ് പോകും. ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നും ലിഫ്റ്റ് ഉപയോഗിക്കാതെ വഴിയില്ല. അതുകൊണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ തീരൂ. വൈദ്യുതിത്തകരാര്‍ മൂലം സാധാരണ ലിഫ്റ്റുകള്‍ക്ക് തകരാര്‍ സംഭവിക്കാറില്ല. ഓട്ടമാറ്റിക് റസ്ക്യൂ ഡിവൈസ് എന്ന സുരക്ഷാ സജ്ജീകരണം ലിഫ്റ്റുകളില്‍ ഉണ്ടാകും. വൈദ്യുതിത്തകരാര്‍ വരുമ്പോള്‍ ലിഫ്റ്റ് ഏറ്റവും അടുത്ത നിലയില്‍ നില്‍ക്കുകയും വാതില്‍ തുറക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ലിഫ്റ്റ് ലൈസന്‍സ് ചട്ടങ്ങള്‍ പ്രകാരം ഓട്ടമാറ്റിക് റസ്ക്യൂ ഡിവൈസോ ഓട്ടമാറ്റിക് ജനറേറ്റര്‍ സിസ്റ്റമോ നിര്‍ബന്ധമാണ്.
ലിഫ്റ്റില്‍ കുടുങ്ങിയാല്‍...
1. പാനിക് ആവാതിരിക്കുക
2. മൊബൈല്‍, ഇന്റര്‍കോം അല്ലെങ്കില്‍ അലാം അമര്‍ത്തുക
3. വൈദ്യുതിബന്ധം വിച്ഛേദിച്ച് ലിഫ്റ്റ് നിയന്ത്രണം വിട്ട് പായുന്നത് തടയാം
4. ആരെയും വിവരം അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ കൂടുതല്‍ പരുക്കുകള്‍ ഒഴിവാക്കാന്‍ ലിഫ്റ്റില്‍ ഇരിക്കുക. ആദ്യമേല്‍ക്കുന്ന പരുക്കായിരിക്കില്ല ജീവഹാനിക്ക് കാരണമാകുക, സെക്കന്‍ഡറി ഇഞ്ചുറിയാണ്. ജ്വല്ലറിയുടമയുടെ മരണത്തിനും ഇതായിരിക്കാം കാരണമെന്നാണ് അനുമാനം.
5. പരിശീലനം ലഭിച്ചവര്‍ മാത്രം സാങ്കേതിക ഇടപെടല്‍ നടത്തുക
6. അതിവേഗം ലിഫ്റ്റ് ടെക്നീഷ്യനെയും കമ്പനിയെയും വിവരമറിയിക്കുക. സുരക്ഷാജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ധാരണയുണ്ടാകണം.
7. കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ലിഫ്റ്റിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരിശീലനം നല്‍കുക.
8. പഴയ ലിഫ്റ്റുകളില്‍ ബ്രേക്കിങ് ലിവര്‍ ആണെങ്കില്‍ പുതിയവയില്‍ ബട്ടണ്‍ സംവിധാനമുണ്ടാകും. ബ്രേക്കിങ് ലിവറിന്റെ പ്രവര്‍ത്തനം താമസക്കാരും മനസിലാക്കിവയ്ക്കുക.
9. എല്ലാ ലിഫ്റ്റുകള്‍ക്കും ലൈസന്‍സ് വേണം
കാലപ്പഴക്കം ചെന്നതോ പരിചരണം കുറഞ്ഞതോ ആയ ലിഫ്റ്റുകളിലാണ് പലപ്പോഴും അപകടസാധ്യത കൂടുതല്‍. ഓണ്‍ലൈന്‍ നിരീക്ഷണത്തിലുള്ള ലിഫ്റ്റുകളാണ് ഇന്ന് ഏറെയും. അകലെനിന്നുപോലും ലിഫ്റ്റ് പ്രവര്‍ത്തനം വിലയിരുത്താം. സേഫ്റ്റി ബെല്‍റ്റുകളും സേഫ്റ്റി സ്പ്രിങ്സുകളും ബ്രേക്കിങ് സിസ്റ്റവും എല്ലാം ജാമായാല്‍ സുരക്ഷയ്ക്കായി ലിഫ്റ്റ് റയിലില്‍ തടഞ്ഞുനില്‍ക്കാനുള്ള സംവിധാനവും വരെ ഇന്ന് ലഭ്യമാണ്.