Image Credit: Facebook/ facebook.com/Akhilmarar123

Image Credit: Facebook/ facebook.com/Akhilmarar123

പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിലെടുത്ത രാജ്യദ്രോഹ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പുമായി അഖില്‍ മാരാര്‍. കേസിന്‍റെ ഭാഗമായി സഹായിച്ച രാഷ്ട്രീയ നേതൃത്വത്തിന് നന്ദി അറിയിച്ചുള്ള പോസ്റ്റില്‍ അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ എന്നൊരു മുന്നറിയിപ്പും അഖില്‍ മാരാര്‍ നല്‍കുന്നുണ്ട്. 

കേസിന്‍റെ പേരില്‍ പലരും ജീവപര്യന്തം മോഹിച്ചെന്നും വിഷയത്തില്‍ ആദ്യം വിളിച്ചത് സുരോഷ് ഗോപിയായിരുന്നു എന്നും അഖില്‍ മാരാര്‍ കുറിച്ചു. ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാവിന്റെ പബ്ലിസിറ്റി മോഹം തള്ളി കളഞ്ഞെന്നും പേര് പറയാതെ നിരവധി ബിജെപി സംസ്ഥാന നേതാക്കൾ ഒപ്പമുണ്ടെന്ന് അറിയിച്ചെന്നും അഖിലിന്‍റെ കുറിപ്പിലുണ്ട്. കോണ്‍ഗ്രസില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവര്‍ പിന്തുണ അറിയിച്ചെന്നും അഖില്‍ മാരാര്‍ എഴുതി. 

പോസ്റ്റിന്‍റെ അവസാന ഭാഗത്താണ് 'അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ' എന്ന് അഖില്‍ പറയുന്നത്. 'അന്നും എന്നും എന്നും എന്നെ നയിക്കുന്നത് എന്നെ എതിർക്കുന്നവരേക്കാൾ എത്രയോ വലിയ ശക്തിയാണ്. എന്റെ ശെരികളിൽ സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും. ഓരോ ഇറക്കവും അവസാനിക്കുന്നത് കയറ്റത്തിന്റെ മുന്നിലാണ്. അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ. മനസ് കൊണ്ട് ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. സത്യമേവ ജയതേ' എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 

അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ എന്നത് അഖില്‍ മാരാറിന്‍റെ തിരഞ്ഞെടുപ്പ് പ്രവേശനമാകും എന്ന ചര്‍ച്ചയാണ് കമന്‍റ് ബോക്സില്‍. 

'അടുത്ത വര്‍ഷം ഈ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചല്ലോ' എന്നുമാണ് ഒരു കമന്‍റ്. 'അടുത്ത വർഷം എംഎല്‍എ ആവും എന്ന ധ്വനി...മാരേരെ തായ്‌വേര് പോയ മരത്തിലാണ് താൻ കൂടൊരുക്കാൻ പോകുന്നത്' എന്നാണ് മറ്റൊരാള്‍ കമന്‍റിട്ടത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

എനിക്കെതിരെ കൊട്ടാരക്കര പോലീസ് എടുത്ത 152BNS രാജ്യ ദ്രോഹ കേസിൽ ബഹു കേരള ഹൈകോടതി മുൻ കൂർ ജാമ്യം അനുവദിച്ചു... 

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം  എന്താണ് കേസെടുക്കാനുള്ള കാരണം എന്ന് വ്യക്തമാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.. 

ഇന്നലെ വരെ എന്നെ വ്യക്തമായി അറിഞ്ഞിട്ടുള്ള പലരും ഞാൻ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരിൽ എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു...

ഈ വിഷയത്തിൽ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു.. ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാവിന്റെ പബ്ലിസിറ്റി മോഹം തള്ളി കളഞ്ഞു... ഇനിയൊരു മണ്ഡലം കമ്മിറ്റിയും ഇത്തരം പരാതികൾ ഉണ്ടെങ്കിൽ സംസ്ഥാന നേതൃത്വത്തെ അറിയിക്കുക എന്നും തീരുമാനം എടുത്തു...പേര് പറയണ്ട ഒപ്പമുണ്ട് എന്ന് വിളിച്ചു പറഞ്ഞ ബിജെപി സംസ്ഥാന നേതാക്കൾ ❤️

തുടക്കം മുതൽ കട്ടയ്ക്ക് കൂടെ നിന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ സാർ തിരക്കിനിടയിലും എന്നെ വിളിച്ചു ധൈര്യം നൽകി.. ജാമ്യം കിട്ടിയ ശേഷവും വിളിച്ചു..നിരന്തരം ഫോളോ അപ്പ്‌ ചെയ്ത ശ്രീ രമേശ്‌ ചെന്നിത്തല സാർ.. അദ്ദേഹം എന്നും എനിക്കൊപ്പമുണ്ട് എന്നത് ഒരു ധൈര്യമാണ്,, ജാമ്യം കിട്ടി എന്ന് ആദ്യം എന്നെ വിളിച്ചു പറഞ്ഞ പ്രിയപ്പെട്ട ഹൈബി ഈഡൻ എംപി.. സുപ്രീം കോടതിയിൽ പോയാലും ജാമ്യം എടുക്കും അഖിലേ എന്ന് പറഞ്ഞു വിളിച്ച ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ, കൊടിക്കുന്നിൽ സുരേഷ്, മേജർ രവി, എനിക്ക് വേണ്ടി കട്ടയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട സന്ദീപ് വാര്യർ എന്നിവർക്ക് ഒരായിരം നന്ദി...

എനിക്ക് വേണ്ടി ഹാജർ ആയത് എന്നേക്കാൾ ജൂനിയർ ആയ ഒരു മിടുക്കി ആയിരുന്നു.. ഇത്രയും ഗൗരവം ഉള്ള കേസ് സീനിയർ വക്കീലന്മാരെ ഏല്പിക്കാൻ പലരും പറഞ്ഞപ്പോഴും വിമല മതി എന്നത് എന്റെ തീരുമാനമായിരുന്നു.. എന്റെ വിശ്വാസം വിമല കാത്തു.. Thank you dear..

"നീ ധൈര്യമായി വാദിച്ചോ കിട്ടിയില്ലെങ്കിൽ ഞാൻ ജയിലിൽ കിടന്നോളാം.. "ഇതിലും നല്ല കക്ഷിയെ വക്കീലിന് എവിടെ നിന്ന് കിട്ടും..

അന്നും എന്നും എന്നും എന്നെ നയിക്കുന്നത് എന്നെ എതിർക്കുന്നവരേക്കാൾ എത്രയോ വലിയ ശക്തിയാണ്.. എന്റെ ശെരികളിൽ സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും...

ഓരോ ഇറക്കവും അവസാനിക്കുന്നത് കയറ്റത്തിന്റെ മുന്നിലാണ്...

അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ...🔥

മനസ് കൊണ്ട് ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി..

സത്യമേവ ജയതേ..

ENGLISH SUMMARY:

Filmmaker Akhil Marar has shared a Facebook note after being granted anticipatory bail in a sedition case linked to his controversial remarks following the Pahalgam attack. In his post, Marar extended gratitude to political leaders who supported him and issued a cryptic warning, suggesting people mark their calendars for the same time next year. The case had stirred public debate over freedom of expression and its limits in politically sensitive contexts.