AI GENERATED IMAGE
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ, 2 പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടലിലൂടെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ ഷൈജു, സി.പി.ഒ ടി സാഗർ എന്നിവരാണ് കുട്ടിയെ കണ്ടെത്തി അമ്മയ്ക്ക് തിരികെ നല്‍കിയത്.
പതിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് ആരോടും ഒന്നും പറയാതെ വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുൻപ് അമ്മയുമായി കുട്ടി വഴക്കിട്ട് പിണങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അഞ്ചാലുംമൂട് പൊലീസിൽ പരാതി നല്‍കിയതോടെ, നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും പെൺകുട്ടിയുടെ ഫോട്ടോ അയച്ച് തിരച്ചില്‍ തുടങ്ങി.
പെണ്‍കുട്ടിയുടെ ഫോട്ടോയുമായി ഗ്രേഡ് എസ്.ഐ ഷൈജുവും സി.പി.ഒ സാഗറുമടങ്ങിയ സംഘം കൊല്ലം നഗരത്തിലെത്തി അന്വേഷണം ആരംഭിച്ചു. എൻ.ജി.ഒ യൂണിയൻ ഓഫീസിന് അടുത്തെ നിരീക്ഷണ ക്യാമറയില്‍ പെൺകുട്ടി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടക്കുന്ന ദൃശ്യം കിട്ടി. ഡിപ്പോയിലെ ക്യാമറയില്ഡ നോക്കിയപ്പോള്‍ 1.22ന് തിരുവനന്തപുരത്ത് പോകുന്ന കെഎസ്ആര്‍ടിസിയില്‍ പെണ്‍കുട്ടി കയറുന്ന ദൃശ്യം ലഭിച്ചു.
തുടര്‍ന്ന് പെൺകുട്ടി കയറിയ ബസിന്റെ കണ്ടക്ടറുടെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് അയാളെ ബന്ധപ്പെട്ടു. പെൺകുട്ടിയുടെ ചിത്രം കണ്ടക്ടറുടെ വാട്സ്ആപ്പിൽ അയച്ചു കൊടുത്തു. ബസിൽ പെൺകുട്ടി ഉണ്ടെന്ന വിവരം കണ്ടക്ടര്‍ അപ്പോള്‍ തന്നെ കൊല്ലം ഡിപ്പോയില്‍ വിളിച്ചറിയിച്ചു. തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഈ വിവരം കൈമാറിയതോടെ, ബസ് തമ്പാനൂർ സ്റ്റാൻഡിൽ എത്തിയപ്പോള്‍ പൊലീസെത്തി പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.