തകര്‍ത്ത് പെയ്യുന്ന ആ മഴയിലും തോരത്ത കണ്ണീരായിരുന്നു തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വീട്ടില്‍, സന്തോഷം അലയടിച്ച ആ വീട്ടില്‍ കണ്ണീര്‍ തീരാമഴയായി പെയ്തിറങ്ങി. ഹയർ സെക്കൻഡറി പരീക്ഷാഫലം അറിഞ്ഞ സന്തോഷത്തിൽ അമ്മയ്ക്കൊപ്പം സമ്മാനം വാങ്ങാനെത്തി റോഡ് കുറുകെ കടക്കവേയാണ് ആർ.അബിത പാർവതിയെ കാറിടിച്ചിടുന്നത്. വ്യാഴാഴ്ച വൈകിട്ട് കെകെ റോഡിൽ ചന്തക്കവലയിലുണ്ടായ അപകടത്തിലായിരുന്നു തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ അബിതയുടെ മരണം.
ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വസതിയിൽ എത്തിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മ കെ.ജി.നിഷ മകളുടെ മൃതദേഹം വഹിച്ചിരുന്ന ആംബുലൻസിൽ വീട്ടിലെത്തി.തലയിലേറ്റ പരുക്കുകൾ കാരണം ഒന്നു കരയാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു അമ്മ നിഷ. മകൾക്ക് യാത്രാമൊഴിയേകാൻ മൃതദേഹം എത്തിച്ച അതേ ആംബുലൻസിലാണ് നിഷയെയും വീട്ടിലെത്തിച്ചത്. സഹോദരി അബിജയും പിതാവ് രമേഷും നിഷയ്ക്ക് ഒപ്പംനിന്നു. കരയാതിരിക്കാനുള്ള ഇരുവരുടെയും പാടുപെടലിൽ ചുറ്റും നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു.
വിഎച്ച്എസ്ഇ പരീക്ഷയിൽ മകൾ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ അധ്യാപികയായ നിഷ അബിതയെക്കൂട്ടി നഗരത്തിലെത്തിയത്. മധുരപലഹാരങ്ങളും മക്കളുടെ തുടർപഠനത്തിനു വേണ്ട പഠനോപകരണങ്ങളും വാങ്ങലായിരുന്നു ലക്ഷ്യം. കോട്ടയം മാർക്കറ്റ് ജംക്‌ഷനിൽ ബസ് ഇറങ്ങിയിട്ട് റോഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അബിതയുടെ മരണത്തിന് കാരണം.