ദേശീയപാതയിലെ നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുമ്പോൾ ദേശീയപാതാ അതോറിറ്റി ഉൾപ്പെടെ അവഗണിച്ചെന്ന് മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിലെ നാട്ടുകാരുടെ ആരോപണം. എഴുതി നൽകിയ പരാതികൾ പലതും ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് എത്തിയതിന് അപ്പുറം നടപടികളുണ്ടായില്ല.
ദേശീയപാതയിൽ മണ്ണിടിച്ചിലും വിള്ളലുകളും രൂപപ്പെട്ട മലപ്പുറം കൂരിയാട് തലപ്പാറ പ്രദേശങ്ങളിൽ വയലുകളും സ്വഭാവിക നീർച്ചാലുകളും മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം വേഗത്തിലായിരുന്നു. ഡ്രെയിനേജ് സംവിധാനങ്ങളുടെ നിർമ്മാണത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയുള്ള നാട്ടുകാരുടെ പരാതികൾ പലതും നാഷണൽ ഹൈ വെ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ മേശപ്പുറത്ത് എത്തിയതല്ലാതെ നടപടികളുണ്ടായില്ലെന്നാണ് ആരോപണം.
കൂരിയാട് മേഖലയിൽ വേനൽ മഴയിൽ ഉണ്ടായ വെള്ളക്കെട്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിങ്കെലും അവഗണിച്ചതാണ് മഴക്കാലം ആരംഭിച്ചതോടെ ഇത്തരത്തിൽ വലിയ അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. നിലവിലെ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.