രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് കൊച്ചിയിൽ ആവേശ തുടക്കം. ദൃശ്യാനുഭവമായി മറൈൻഡ്രൈവിലെ 'എന്‍റെ കേരളം പ്രദർശന വിപണന മേള'. രണ്ടാം പിണറായി സർക്കാരിൻ്റ നാലാം വാർഷിക ആഘോഷങ്ങൾക്ക് എറണാകുളം ജില്ലയിൽ തുടക്കമിട്ട് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകളുടെ ദൃശ്യാനുഭവമാണ് മറൈൻഡ്രൈവിൽ തുടങ്ങിയ 'എൻ്റെ കേരളം പ്രദർശന വിപണന മേള'. മേളയുടെ ഉദ്ഘാടനം നിർവഹിച്ചത് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കേരളത്തിന്റെ ഒരു മിനിയേച്ചർ രൂപമാണ് 'എന്റെ കേരളം പ്രദർശന വിപണമേള'യിൽ ഉള്ളത്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അടുത്തറിയാം, ജീവനക്കാരോട് നേരിട്ട് സംവദിക്കാം. ഉദ്ഘാടന ശേഷം മന്ത്രി പി രാജീവും, കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാറും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും പ്രദർശന മേള ചുറ്റിക്കണ്ടു. ഓരോ വകുപ്പുകളുടെയും സ്റ്റാളുകൾ സന്ദർശിച്ച സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 360 ഡിഗ്രി സെൽഫി സ്റ്റാൻഡിൽ കറങ്ങി മന്ത്രി വീഡിയോ എടുക്കുന്നതും, അമ്പെയ്യാൻ ശ്രമിച്ചതും കൂടെ നിന്നവർ കൗതുകത്തോടെ നോക്കി നിന്നു. കയറു പിരിക്കാൻ ചേച്ചിമാർക്കൊപ്പം മന്ത്രിയും ചേർന്നതോടെ കയ്യടി. 194 തീം-സര്‍വീസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളുമാണ് ഒരുക്കിയിരിക്കുന്നത്. നവകേരളത്തിലെ മാറുന്ന കാര്‍ഷിക കാഴ്ചകളുടെ നേര്‍ചിത്രമാണ് കൃഷിവകുപ്പിന്റെ സ്റ്റാളിൽ. ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ചറിയാൻ ലൈവ് പ്രദര്‍ശനം.
ടൂറിസം വകുപ്പിന്റെ സ്റ്റാളാണ് മറ്റൊരു ആകർഷണം. ഡെസ്റ്റിനേഷൻ വെഡിങ് അടക്കം പുതിയ കാലത്തിന്റെ ടൂറിസം സാധ്യതകൾ വരച്ചുകാട്ടുന്നു. ആരോഗ്യ, വിദ്യാഭ്യാസ, കുടുംബശ്രീ വകുപ്പുകളുടെ സ്റ്റാളുകളിലും ഉണ്ട് പുതിയ കേരളത്തിന്റെ പതിപ്പുകൾ. പോലീസ്, എക്സൈസ്, ഫയർഫോഴ്സ് സ്റ്റോളുകളിൽ തിരക്കേറേ. പവിലിയൻ ഒരുക്കിയിരിക്കുന്നത് 57,000 ചതുരശ്രയടിയിൽ. ഫോട്ടോ എടുക്കാനുള്ള സെൽഫി പോയിന്റുകളും ഉണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൻ്റെ രുചി കൂട്ടുകൾ ഒരു കുടക്കീഴിൽ അണിനിരത്തിയ ഭക്ഷ്യമേള. കൊച്ചിയുടെ സായാഹ്നങ്ങളെ സംഗീത സാന്ദ്രമാക്കുവാൻ വിവിധ ബാൻ്റുകളുടെ സംഗീത നിശയും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. 23ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് ഏഴിന് സൂരജ് സന്തോഷിന്റെ ലൈവ് മ്യൂസിക് ഷോയും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് സമയക്രമം. മേളയുടെ ഭാഗമായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.