ബുധനാഴ്ച രാത്രി ഏഴ് മണിയായപ്പോള്‍, വയനാട്ടിലെ റിസോർട്ടിൽ നിന്നും ഉമ്മ ജസീലയെ തേടി നിഷ്മയുടെ ഫോണ്‍ കോളെത്തി. വളരെ സന്തോഷവതിയായാണ് നിഷ്മ സംസാരിച്ചതെന്ന് നിറകണ്ണുകളോടെ ജസീല പറയുന്നു. വയനാട്ടിലെ കാഴ്ചകളും ടൂറിന്‍റെ വിശേഷങ്ങളുമെല്ലാം നിഷ്മ പങ്കുവെച്ചപ്പോൾ ഉമ്മ ജസീല കരുതിയില്ല, തന്റെ പൊന്നുമോളുടെ അവസാന വിളിയാണ് അതെന്ന്. സ്വകാര്യ റിസോർട്ടില്‍ മരത്തടികൾ കൊണ്ട് പണിത ടെന്റിന്റെ മേൽക്കൂരയ്‌ക്കൊപ്പം തകർന്നടിഞ്ഞത് നിഷ്മയുടെ സ്വപ്നങ്ങള്‍ മാത്രമല്ല, ഒരു കുടുംബത്തിന്‍റെ സന്തോഷം കൂടിയാണ്.
നിഷ്മ വിവാഹ മോചിതയായത് ഒരുവർഷം മുമ്പാണ്. സ്വന്തം കാലിൽ നിൽക്കണമെന്ന മോഹവുമായാണ് നിഷ്മ ബ്യൂട്ടീഷ്യൻ മേഖലയിലേക്ക് കടന്നുവന്നത്. അങ്ങനെയാണ് ഒരു പിടി സ്വപ്നങ്ങളുമായി അവള്‍ കോഴിക്കോട് നഗരത്തിൽ സ്വന്തമായി ബ്യൂട്ടീഷ്യൻ സ്ഥാപനം തുടങ്ങിയത്.
മലയോര മേഖലയായ നിലമ്പൂർ അകമ്പാടത്തേക്കാൾ ഏറെ അവസരങ്ങൾ കോഴിക്കോട് ലഭിക്കുമെന്നായിരുന്നു നിഷ്നയുടെ കണക്കുകൂട്ടല്‍. ബ്യൂട്ടീഷ്യൻ മേഖലയിലെത്തിയതോടെ, കല്യാണത്തിന് മണവാട്ടിയെ ഒരുക്കാനായി നിരവധി ഫോണ്‍ കോളുകളെത്തി. ഓരോ വ്യക്തിക്കും ചേരുന്ന മേക്കപ്പ് തിരഞ്ഞെടുക്കുന്നതിലെ സ്കില്‍ നിഷ്മയുടെ പ്രത്യേകതയായിരുന്നുവെന്ന് അവളെ അടുത്തറിയുന്നവര്‍ പറയുന്നു.
മേപ്പാടി കള്ളാടി തൊള്ളായിരം കണ്ടിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റ് തകർന്നാണ് നിഷ്മ (24) മരിച്ചത്. സമീപത്തെ ടെന്റിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നത്. തൊള്ളായിരം കണ്ടിയിലെ വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന 'എമറാൾഡ് 900 വെഞ്ചേഴ്സ്' എന്ന റിസോർട്ടിലെ ടെന്റാണ് തകർന്നത്.
മഴപെയ്ത് ഷെഡിന്റെ മേൽക്കൂരയ്ക്ക് ഭാരം കൂടിയപ്പോൾ ടെന്റിന് മുകളിലേക്ക് പതിച്ച് തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉറപ്പില്ലാത്ത ദ്രവിച്ച മരത്തടികൾകൊണ്ടാണ് ടെന്റ് നിർമ്മിച്ചതെന്നാണ് ആരോപണം.