എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടിയ ഒരു നേപ്പാൾ സ്വദേശിയുടെ കഥയാണ് ഇനി.നാടിന്റെ അഭിമാനമായി മാറിയ നവീൻ കാമി ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനൊടുവിലാണ് നരിബാൻ കാമി ഭാര്യ ഈശ്വരിക്കൊപ്പം 20 വർഷം മുൻപ് കാസർകോട് എത്തിയത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തിയില്ല. അതിനുള്ള പ്രതിഫലം മക്കളും നൽകുകയാണ്. കഴിഞ്ഞ വർഷം മകൾ ദേബി കാമി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ചേച്ചിയുടെ പാത പിന്തുടർന്ന് ഇത്തവണ മകൻ നവീൻ കാമിക്കും ഫുൾ എ പ്ലസ്.
മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നാണ് നരിബാന്റെ ആഗ്രഹം. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിലും മികച്ച വിജയം നേടിയ നവീൻ സ്കൂളിലെ മിടുക്കനായ വിദ്യാർഥിയാണ്. ചട്ടഞ്ചാൽ സ്കൂളിൽ തുടർന്ന് പഠിക്കണമെന്നാണ് നവീന്റെ ആഗ്രഹം.