പഹല്‍ഗാം ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചുവെന്ന വിവരം പരിശോധിക്കാന്‍ കേരള പൊലീസ്. ഇക്കാര്യത്തില്‍ ഇന്‍റലിജന്‍സ് വിവര ശേഖരണം നടത്തും. സജാദ് ഗുല്‍ കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യ പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കൊടുംഭീകരനാണ് സജാദ് ഗുല്‍. ലഷ്കറെ ത്വയ്ബയുടെ കീഴിലനുള്ള ദി റസിസ്റ്റന്‍റ് ഫ്രണ്ടെന്ന ഭീകര സംഘടനയുടെ തലവന്‍. പഹല്‍ഗാമില്‍ 26 നിരപരാധികളെ കൂട്ടക്കൊല ചെയ്ത ക്രൂരതയുടെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ കേരളത്തില്‍ കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ചുവെന്നാണ് വിവരം.
1999ല്‍ സജാദ് ഗുല്‍ ബംഗ്ലൂരുവില്‍ നിന്നും എം.ബി.എ ബിരുദം നേടിയിരുന്നു. 2002ല്‍ സ്ഫോടക വസ്തുക്കളുമായി സജാദ് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായി. ഇതിനിടയിലായിരിക്കും കേരളത്തിലെ പഠനമെന്നാണ് സൂചന. ഇക്കാര്യം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല . എങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
കേരളത്തില്‍ എവിടെയാണ് സജാദ് ഗുല്‍ പഠിച്ചത്, ഏത് വര്‍ഷമായിരുന്നു, എത്രകാലം കേരളത്തില്‍ തങ്ങി, എവിടെയായിരുന്നു താമസിച്ചത്, കേരളത്തില്‍ ബന്ധങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. എന്‍.ഐ.എ കേസായതിനാല്‍ നേരിട്ട് അന്വേഷണം നടത്താന്‍ കേരള പൊലീസിന് പരിമിതികളുണ്ട്. എങ്കിലും എന്‍.ഐ.എ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിനും തയ്യാറാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.