14 കുട്ടികൾ അടക്കം 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടം നടന്നിട്ട് ഇന്നേക്ക് രണ്ടു വർഷം. അപകടത്തിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം രണ്ടുവർഷമായിട്ടും പൂർത്തിയായിട്ടില്ല. മരിച്ചവർക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും അവ്യക്തതകൾ തുടരുകയാണ്
രണ്ടുവർഷം മുൻപ് ഇതേ ദിവസം വൈകിട്ട് ഏഴുമണി. ചാറ്റൽ മഴ പെയ്ത ആ രാത്രി. താനൂർ തൂവൽ തീർത്തുനിന്ന് ആ ഉല്ലാസബോട്ട് പുറപ്പെട്ടു. പൂരപുഴയിൽ മറഞ്ഞിരിക്കുന്ന അപകടം മനസിലാക്കാതെ അത്ലാന്റിക് ബോട്ട്. സർക്കാർ നിർദ്ദേശം അവഗണിച്ച് യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് പൂരപ്പുഴയിലൂടെ നീങ്ങിയത്. അഴിമുഖത്തിനടുത്തുവച്ച് ബോട്ട് മുങ്ങി. ഓടിയെത്തിയവർ കാണുന്നത് പൂരപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിതാഴുന്ന മനുഷ്യരെ.
പലയിടങ്ങളിൽ നിന്ന് രക്ഷാകരങ്ങളെത്തി. അന്നത്തെ ആ ദുരന്തത്തിൽ പൊലിഞ്ഞത് 22 ജീവനുകൾ. പ്രാഥമിക അന്വേഷണത്തിൽ തന്നെ നിറയെ നിയമലംഘനങ്ങൽ കണ്ടെത്തി. ഉടമയും ജീവനക്കാരും സഹായികളും പോർട്ട് ഉദ്യോഗസ്ഥരുമടക്കം 12 പേരെ സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തു. 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതിനപ്പുറം മറ്റൊന്നും ഇതുവരെ മറ്റൊന്നും സംഭവിച്ചിട്ടില്ല. പരുക്കേറ്റവർക്കുള്ള നഷ്ടപരിഹാരം പോലും ലഭിക്കാത്തവർ ഉണ്ട്. അവരുടെ തുടർ ചികിത്സയും വഴിമുട്ടി. വർഷങ്ങൾക്കു മുൻപുണ്ടായ ആ ദുരന്തത്തിന്റെ പാപഭാരം ചുമന്ന് ഇന്നും തൂവൽ തീരം നെടുവീർപ്പിടും.