കെപിസിസി നേതൃമാറ്റത്തിൽ കെ. സുധാകരൻ ഇടഞ്ഞുനിൽക്കെ അഭിപ്രായ വോട്ടെടുപ്പ് നടത്തി രാഹുൽ ഗാന്ധി. മുൻ അധ്യക്ഷന്മാർ ഉൾപ്പെടെ 14 പ്രധാന നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടാണ് രാഹുൽ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റേണ്ടതില്ലെന്ന് മുൻ അധ്യക്ഷന്മാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും നിലപാടെടുത്തു. സുധാകരന് പകരം കേൾക്കുന്ന പേരുകൾ ഗുണം ചെയ്യില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്.
മുതിർന്ന നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട രാഹുൽഗാന്ധിക്ക് ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു. നേതൃമാറ്റം വേണോ? മറുപടി യെസ് അല്ലെങ്കിൽ നോ എന്ന് പറഞ്ഞാൽ മതിയെന്നും രാഹുൽ ആവശ്യപ്പെട്ടു. മുൻ അധ്യക്ഷന്മാർ ഉൾപ്പെടെ മിക്കവരും നോ പറഞ്ഞപ്പോൾ ഏറ്റവും ശ്രദ്ധേയമായത്, കെ മുരളീധരന് പുറമേ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സുധാകരനെ പിന്തുണച്ചുവെന്നതാണ്.
സുധാകരൻ അധ്യക്ഷനായ ശേഷം മുല്ലപ്പള്ളി നേതൃയോഗങ്ങളിൽ പങ്കെടുക്കാറില്ല. സുധീരൻ ആകട്ടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് പോലും ഒരിക്കൽ രാജിവച്ചു. സുധാകരനെതിരെ മുൻപ് പരസ്യ നിലപാടെടുത്ത മുല്ലപ്പള്ളിയും സുധീരനും ഇപ്പോൾ സുധാകരനെ പിന്തുണച്ചത് പകരം കേൾക്കുന്ന ആൻ്റോ ആൻ്റണി ഉൾപ്പെടെയുള്ള പേരുകളോടുള്ള വിയോജിപ്പിലാണെന്നാണ് വിവരം. മതപരമായും ജാതീയമായും അധ്യക്ഷനെ നിയമിച്ചാൽ ആത്മഹത്യാപരമായിരിക്കുമെന്ന് ക്രൈസ്തവ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരു എംപി മുന്നറിയിപ്പ് നൽകി.
എം.എം. ഹസൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെയും രാഹുൽ ബന്ധപ്പെട്ടു. ആന്റോയെ അധ്യക്ഷനാക്കാൻ സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാൻഡിനും ഇടയിൽ ധാരണയായ ശേഷം രാഹുൽ അഭിപ്രായം തേടിയത് എഐസിസിയിലേക്ക് ഒഴുകുന്ന പരാതി പ്രളയം കൂടി കണക്കിലെടുത്താണ്. ഭൂരിപക്ഷവും എതിർപ്പ് ഉയർത്തുന്ന പശ്ചാത്തലത്തിൽ പരിഗണനയിലുള്ള പേരുകളുമായി മുന്നോട്ടു പോയാൽ അതിൻ്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവരുമെന്ന ആശങ്ക ഹൈക്കമാൻഡിന് ഉണ്ട്.