കോഴിക്കോട്ടെ ഗ്രാമപ്രദേശങ്ങളില്‍ തെരുവ് നായ്ക്കളെ മാത്രമല്ല, കുറുനരികളേയും പേടിക്കണം. കുറുനരികളില്‍ നിന്ന് റാബിസ് വൈറസുകള്‍ വളരെ എളുപ്പത്തില്‍ നായ്കളിലേക്ക് വ്യാപിക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റ കണ്ടെത്തല്‍.
പെരുവണ്ണാമൂഴി, മേപ്പയൂര്‍ ഭാഗങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുറുനരികളുള്ളത്. വേനല്‍കടുക്കുന്നതോടെ ഭക്ഷണവും വെള്ളവും തേടി ഇവ ധാരാളമായി നാട്ടിലിറങ്ങും. വഴിയരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ തന്നെയാണ് ഇവയുടെ ഭക്ഷണം. ഇതിനിടെ നായ്ക്കളുമായി കടി പിടികൂടുന്നത് റാബിസ് വൈറസുകള്‍ നായ്ക്കളിലേക്ക് വ്യാപിക്കാന്‍ കാരണമാകുന്നുണ്ട്.
കുറുനരികള്‍ കടിച്ച പശുകള്‍ പേ വിഷബാധയേറ്റ് ചത്ത സംഭവങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേവിഷബാധ മരണങ്ങളുണ്ടാകുന്നത്. ഈ വര്‍ഷം ഇതുവരെ 13 പേര്‍ മരിച്ചതില്‍ ആറുപേര്‍ മരിച്ചതും കഴിഞ്ഞമാസം. വേനല്‍കാലത്ത് കുറുനരികള്‍ കൂടി നാട്ടിലിറങ്ങുന്നതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനൊപ്പം മാലിന്യം വലിച്ചെറിയുന്നത് കൂടി നിര്‍ത്തിയാലേ പേവിഷബാധയേറ്റുള്ള മരണം ഇല്ലാതാക്കാനാകൂ.