thrikkulam-home

TOPICS COVERED

അമ്മയുടെ സ്ഥലത്ത് മകന്‍ നിര്‍മിച്ച വീട് അഞ്ചുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍  റവന്യൂ അധികൃതര്‍ അമ്മയ്ക്ക് കൈമാറി.  മലപ്പുറം തിരൂരങ്ങാടിക്കടുത്ത് തൃക്കുളം അമ്പലപ്പടി സ്വദേശി രാധയാണ് തന്‍റെ എഴുപത്തെട്ടാം വയസില്‍ സ്വന്തം വീട്ടിലേക്ക്  വലതുകാല്‍വച്ച് കയറിയത് . അതും നാടകീയമായ ഒട്ടേറെ സംഭവവികാസങ്ങള്‍ക്ക് ശേഷം. 

രാധയുടെ പേരിലുള്ള സ്ഥലത്താണ് സുരേഷ് കുമാര്‍ സ്വന്തം നിലയില്‍ വീടു നിര്‍മിച്ചത് . ഈ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് കാണച്ച് രാധ ആര്‍ഡിഒയ്ക്ക് 2021ല്‍ പരാതി നല്‍കി . വസ്തുതകള്‍ പരിശോധിച്ച ആര്‍ഡിഒ രാധയ്ക്ക്  വീടുകൈമാറാന്‍ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് മകന്‍ ജില്ലാ കലക്ടറെ സമീപിച്ചു.  2023-ല്‍ ജില്ലാ കലക്ടറും അമ്മയ്ക്ക് അനുകൂലമായി  ഉത്തരവിറക്കി.  അവിടെയും നിര്‍ത്താതെ മകന്‍ വീടിന്‍റെ ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍   ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിഷയം വിശദമായി പരിശോധിച്ച  ഹൈക്കോടതിയും രാധയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ മാസം 28-ന് തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്‍റെ നേതൃത്വത്തില്‍ വീട്ടിലെത്തി അമ്മക്ക് വീട് ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്നായി മകന്‍.  ഇതനുസരിച്ച്  അഞ്ച് ദിവസത്തെ സമയം അനുവദിച്ചു.  ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കരയുടെ നേതൃത്വത്തില്‍ റവന്യൂ  ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്‍റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും വീട്ടിലെത്തി.  വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സുരേഷിന്‍റെ പത്തൊമ്പതുകാരിയായ മകള്‍   വാതില്‍ തുറക്കാന്‍ തയ്യാറായില്ല. 

പൂട്ടു പൊളിച്ച് അകത്ത് കയറിയ ഉദ്യോഗസ്ഥ സംഘം വീടിനകത്ത് കയറിയ ഉടന്‍ പെണ്‍കുട്ടി  വീടിന്‍റെ  ഒന്നാംനിലയിലെ മുറിയില്‍ കയറി വാതിലടച്ചു . വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്ന്  പെണ്‍കുട്ടിയെ പുറത്താക്കിയ ശേഷമാണ് വീട് അമ്മയ്ക്ക് കൈമാറിയത് . ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 19കാരിയായ പേരക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മകന്‍റെയും കുടുംബത്തിന്‍റെയും ഭാഗത്തു നിന്ന് തുടര്‍ച്ചയായി  ഉപദ്രവം ഉണ്ടായിരുന്നതായി രാധ പറഞ്ഞു.  ശാരീരികാക്രമണം  ഭയന്ന് ഏഴുവര്‍ഷമായി മകള്‍ക്കൊപ്പമാണ്  കഴിഞ്ഞിരുന്നത്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത എല്ലാ മക്കള്‍ക്കും ഇതൊരു പാഠമാകണമെന്നും  രാധ പറഞ്ഞു.

ENGLISH SUMMARY:

Mother banned from home: Authorities evict son and family