സഹപ്രവർത്തകന് പാട്ടും ഡാൻസുമായി യാത്രയയപ്പ് നൽകിയ കണ്ണൂർ അഴീക്കോട്ടെ കെ എസ് ഇ ബി ജീവനക്കാർ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഓവർസിയർ ഹാഷിമിന്റെ യാത്രയയപ്പ് ചടങ്ങാണ് വ്യത്യസ്ത അനുഭവമായത്. ജീവനക്കാരായ സത്യന്റെ പാട്ടും പ്രസാദിന്റെ ഡാൻസുമായിരുന്നു ചടങ്ങിന്‍റെ ഹൈലൈറ്റ്.
ഹൈ വോൾട്ടേജിൽ സത്യന്റെ പാട്ട്.. പവർ ഒട്ടും കുറയ്ക്കാതെ പ്രസാദിന്റെ ഡാൻസ്.. ഓവർസീയർ ഹാഷിമിന് ജീവിതത്തിൽ എന്നും സുഖമുള്ളൊരോർമായി ഈ യാത്രയയപ്പ് ഉണ്ടാകും. അഴീക്കോട് സെക്ഷൻ കെ എസ് ഇ ബി ഓഫീസിൽ നടന്ന യാത്രയയപ്പ് ശ്രദ്ധിക്കപ്പെട്ടത് ലൈൻമാൻമാരായ സത്യന്റെയും പ്രസാദിന്റെയും പാട്ടും നൃത്തവും കൊണ്ടാണ്.
ഓഫീസിലെ യാത്രയയപ്പ് ചടങ്ങിന് ശേഷമാണ് പാട്ടും ആട്ടവുമായി ഹാഷിമിനെ വീട്ടിലേക്ക് കൊണ്ടുവിട്ടത്. ജീവനക്കാരുടെ ഐക്യവും പരസ്പര സ്നേഹവുമാണ് യാത്രയയപ്പിൽ നിറഞ്ഞുനിന്നത്.