palakkad-accident

TOPICS COVERED

വരിക്കാശ്ശേരി മനയിലെത്തി ചിത്രങ്ങളെടുക്കണം. നല്ല കുറച്ച് റീല്‍സ് ചെയ്യണം. വൈകിട്ടോടെ തിരികെ വീട്ടിലെത്തണം. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അഞ്ജു നേരത്തെ തുടങ്ങിയിരുന്നു. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയും കൂട്ടുകാരിയെയും ഒപ്പം കൂട്ടി യാത്ര. ആഗ്രഹങ്ങളെല്ലാം പാതിവഴിയില്‍ അവസാനിപ്പിച്ച് അ‍ഞ്ചുവും രണ്ട് വയസുകാരന്‍ മകനും ഉറ്റവരെ കണ്ണീരിലാഴ്ത്തി കാണാമറയത്തേക്ക് പോയി. ഇന്നലെയാണ് പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അഞ്ജുവും മകന്‍ ശ്രീജനും മരിച്ചത്. 

Also Read: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; അമ്മയും രണ്ട് വയസ്സുകാരനും മരിച്ചു

മാട്ടുമന്തയിലെ വീട്ടില്‍ നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്കുള്ള യാത്രയ്ക്കിടെ കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിലെത്തിയപ്പോള്‍ പുറകില്‍ നിന്നും വന്ന വാഹനത്തിന്‍റെ ഹോണടിയില്‍ അഞ്ജുവിന്‍റെ ശ്രദ്ധമാറിയതാണ് അത്യാഹിതത്തിന് ഇടയാക്കിയതെന്നാണ് കൂടെയുണ്ടായിരുന്ന യുവതി പറഞ്ഞത്. അഞ്ജു പിന്നിലേക്ക് തിരിഞ്ഞ് നോക്കിയതോടെ സ്കൂട്ടറിന്‍റെ നിയന്ത്രണം വിട്ടു. ഇടത് ഭാഗത്തേക്ക് വാഹനം മറിഞ്ഞു. അതിവേഗം സ്വകാര്യ ആശുപത്രിയിലെത്തിച്ച് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മടങ്ങിവരവില്ലാത്ത ലോകത്തിലേക്ക് അമ്മയുടെയും മകന്‍റെ യാത്ര. പുത്തനുടുപ്പിട്ട് കുഞ്ഞിനെ കൊഞ്ചിച്ച് വൈറല്‍ ചിത്രങ്ങളെടുക്കാമെന്ന് മോഹിച്ച യാത്രയില്‍ അഞ്ജുവും ശ്രീജനും നാടിനെയാകെ കണ്ണീരിലാഴ്ത്തി. 

palakkad-scooter-accident

നാട്ടിലെ ആഘോഷങ്ങളിലും, ക്ഷേത്രോല്‍സവങ്ങളിലുമെല്ലാം മുന്‍നിരയിലുണ്ടാവും അഞ്ജു. ആവേശം നിറച്ച് ചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ച് നല്‍കി അടുത്ത ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവരെയും പ്രേരിപ്പിക്കും. ജീവിതത്തില്‍ നിറയെ ചിരിച്ചും മറ്റുള്ളവരെ ചിരിക്കാന്‍ പ്രേരിപ്പിച്ചും നീങ്ങുന്ന ഊര്‍ജമായിരുന്നു നാട്ടുകാര്‍ക്ക് അഞ്ജുവെന്ന് പലരും ഓര്‍ത്തെടുക്കുന്നു. നൃത്തവും, പാട്ടും, പാചകവുമെല്ലാം ഹരമാക്കിയ അഞ്ജു മകനെയും അതേപാതയില്‍ കൊണ്ടുവരാന്‍ ഇതിനകം ശ്രമം തുടങ്ങിയിരുന്നു. കുഞ്ഞുങ്ങള്‍ കളിച്ച്, രസിച്ച് വളരം എന്നതായിരുന്നു അഞ്ജുവിന്‍റെ ശൈലി. 

അഞ്ജുവിന്‍റെയും മകന്‍റെയും ചേതനയറ്റ ശരീരം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറി പരിസരത്തേക്ക് എത്തിക്കുമ്പോള്‍ ഇതിനാണോ നീ യാത്ര പറഞ്ഞ് പോയതെന്ന് ഓര്‍ത്തോത്ത് വിലപിക്കുകയായിരുന്നു അമ്മയും, സഹോദരിമാരും ബന്ധുക്കളും. പാലക്കാട് ഭാഗത്ത് നിന്നും ഒറ്റപ്പാലത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നീട് റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ ഇരുവരെയും കല്ലേക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന് പിന്നിലുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്കും വീഴ്ചയിൽ നിസാര പരുക്കേറ്റു.

ENGLISH SUMMARY:

Tragedy struck in Palakkad as Anju and her 2-year-old son Sreejan lost their lives in a scooter accident near Kizhakkancherikavu. The duo was on their way to shoot reels at Varikkasseri Mana ahead of a family wedding.