സാംസ്കാരിക വകുപ്പ് ഇടുക്കി ജില്ലാ കോർഡിനേറ്ററും സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി സെക്രട്ടറിയുമായ സൂര്യലാല്‍ സിനിമ കഥ പറയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദുരാവസ്ഥയെ പറ്റി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. കൊച്ചിയില്‍ ഒരു സംവിധായകന്‍റെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ഇടുക്കിയില്‍ നിന്നാണെങ്കില്‍ ഇടുക്കി ഗോൾഡ് കിട്ടുമോ എന്ന് ചോദിച്ചെന്നും, ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നാട്ടിൽ പോയി കുറച്ച് ഇടുക്കി ഗോൾഡുമായി വാ നമ്മുക്ക് വിശദമായി ഇരിക്കാം എന്ന് സംവിധായകന്‍ പറഞ്ഞെന്നും കുറിപ്പിലുണ്ട്.
കുറിപ്പ്
ഒരു കഞ്ചാവ് കഥ.. (ഇത് ഞങ്ങളുടെ അനുഭവ കഥ)
കുറേ വർഷങ്ങൾക്ക് മുമ്പാണ്...ഞാനും ബിബിൻ ജോയിയും സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി തെണ്ടി തിരിയുന്ന സമയം..ഞങ്ങളുടെ കയ്യിൽ രണ്ട് മൂന്ന് സിനിമാക്കഥകളുമുണ്ട്. ഏതെങ്കിലും ഡയറക്ടറെ കണ്ട് കഥ പറഞ്ഞ് സിനിമയിൽ കയറി കൂടുകയാണ് ലക്ഷ്യം..ഒരു പ്രശസ്ത ക്യാമറാമാൻ്റെ നമ്പർ തപ്പിയെടുത്ത് ബിബിൻ ജോയി അദ്ദേഹവുമായി സൗഹൃദം സ്ഥാപിച്ചു. ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണെന്ന് തോന്നുന്നു അയാൾ കഥ കേൾക്കാമെന്നായി..തൊട്ടടുത്ത ദിവസം കൊച്ചിയിലേക്ക് വെച്ചുപിടിച്ചു. അവിടെ ഫിലിം സിറ്റിയിൽ വെച്ച് അദ്ദേഹത്തോട് ഒറ്റ ഇരിപ്പിൽ കഥപറഞ്ഞു കേൾപ്പിച്ചു. കഥ കേട്ട ശേഷം അദ്ദേഹം പറഞ്ഞു" സംഭവം കലക്കി ഈ ടൈപ്പ് പടം ചെയ്യാൻ പറ്റിയ ഒരാൾ ഉണ്ട്. ഞാൻ വിളിച്ച് പറയാം. ഇന്ദ്രജിത്തിനെ നായകനാക്കി സിനിമ ചെയ്ത സംവിധായകനാണ്. നിങ്ങൾ തിരുവനന്തപുരത്ത് ചെന്ന് അദ്ദേഹത്തെ കാണുക, ഞാൻ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞാൽ മതി". കൊച്ചിയിൽ നിന്നും അടുത്ത യാത്ര തിരുവനന്തപുരത്തേക്ക്.സംവിധായകനെ ഫോണിൽ ബന്ധപെട്ട ശേഷം അദ്ദേഹം പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങൾ എത്തി. ഒരു വീടാണ്,കുറെ മുറികളുള്ള വീട് അവിടെ കുറെ സിനിമാക്കാരുമുണ്ട്.
സംവിധായകൻ ഞങ്ങളുമായി ഒരു മുറിയിലേക്ക് പോയി. അവിടെ മുഴുവൻ സിഗരറ്റിന്‍റെ രൂക്ഷ ഗന്ധമുണ്ട്. അയാളുടെ പെരുമാറ്റത്തിൽ ഒരു അവലക്ഷണവുമുണ്ട്. ഞങ്ങൾ ഇടുക്കി സ്വദേശികളാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിൻ്റെ ഞങ്ങളോടുള്ള സ്നേഹം ഇരട്ടിയായി. ഞങ്ങളും ഹാപ്പി..ഞാൻ കഥ പറഞ്ഞു തുടങ്ങി "അയ്യപ്പൻകോവിൽ എന്ന സുന്ദരമായ ഗ്രാമം അവിടെ നന്ദൻ എന്ന ചെറുപ്പക്കാരൻ".... കഥ പറച്ചിൽ തുടരുന്നതിനിടെ അയാൾ ഇടപ്പെട്ടു "നിങ്ങൾ ഇടുക്കിയിൽ എവിടെയാന്നാ പറഞ്ഞെ? ബിബിൻ;കട്ടപ്പനയാ സാർ" . അയാൾ;അവിടെ നല്ല കഞ്ചാവ് കിട്ടില്ലേ...ഇടുക്കി ഗോൾഡ്?
ഞാൻ; "അറിയില്ല സാർ"...എന്നാൽ കഥ തുടർന്നോളൂ എന്ന സമ്മതം കിട്ടിയതോടെ ഞാൻ വീണ്ടും ആവേശത്തോടെ കഥ പറയുകയാണ്...
അതിനിടയിൽ അയാൾ സിഗരറ്റ് കത്തിച്ച് പുക മുകളിലേക്ക് ഊതി വിട്ട് ആസ്വദിക്കുകയാണ്...ഞാൻ കഥ പറച്ചിൽ തുടരുന്നു..പെട്ടന്ന് അയാൾ; "നിങ്ങടെ നാട്ടിൽ നിന്ന് വരുന്ന കഞ്ചാവാണ് കിടിലൻ സാധനം, നിങ്ങള് വിചാരിച്ചാൽ ഈ ഇടുക്കി ഗോൾഡ് ഒപ്പിക്കാൻ പറ്റുമോ? "ബിബിൻ ജോയ് ദയനീയമായി എന്നെ ഒന്ന് നോക്കിയ ശേഷം "സാറെ ഞങ്ങള് വിചാരിച്ചാ കഞ്ചാവൊന്നും ഒപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല "അയാൾ; നിങ്ങള് ഇടുക്കിക്കാര് ശ്രമിച്ചാൽ ഇടുക്കി ഗോർഡ് കിട്ടാൻ എളുപ്പമാ..ആ കഥ പറ!
"വല്യ താൽപര്യമില്ലാതെ അയാൾ പറഞ്ഞു. ഞാൻ മനസില്ലാ മനസോടെ വീണ്ടും കഥ പറഞ്ഞു തുടങ്ങി. പക്ഷെ അയാൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, ഒട്ടും താൽപര്യമില്ലാതെയാണ് അയാൾ അത് കേട്ടിരിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായി. അപ്പോഴേക്കും ഞാൻ കഥ പറഞ്ഞ് ഇൻ്റർവെൽ വരെ എത്തിയിരുന്നു....
അപ്പോഴേക്കും അയാൾ; "മതി മതി ഇന്ന് എനിക്ക് കഥ കേൾക്കാനൊരു മൂഡില്ല. മൂഡ് വരണേൽ നിങ്ങള് വിചാരിക്കണം.നിങ്ങള് നാട്ടിൽ പോയി കുറച്ച് ഇടുക്കി ഗോൾഡുമായി വാ..നമ്മുക്ക് വിശദമായി ഇരിക്കാം"
ഞങ്ങൾ എണീറ്റു....
"അതെ വരുമ്പോ കിട്ടുന്നിടത്തോളം ഇടുക്കി ഗോൾഡ് ഒപ്പിച്ചോണം, എന്നാ വിട്ടോ" അതും പറഞ്ഞ് അയാൾ നടന്നു നീങ്ങി. നിരാശരായി ഞങ്ങൾ പുറത്തേക്കിറങ്ങി...ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോൾ എൻ്റേയും ബിബിൻ്റെയും കണ്ണുകൾ നിറഞ്ഞിരുന്നു...