സംസ്ഥാനത്ത് ചര്‍മമുഴരോഗം ബാധിച്ച് മാത്രം 670 പശുകള്‍ കഴിഞ്ഞവര്‍ഷം ചത്തെന്ന് മൃഗസംരക്ഷണവകുപ്പിന്‍റെ കണക്ക്. ഈ വര്‍ഷം രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ചര്‍മമുഴരോഗം ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കുകയാണ്. പാലുല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതാണ് ചര്‍മമുഴരോഗം. പശുക്കള്‍ക്കും എരുമകള്‍ക്കുമാണ് രോഗ സാധ്യതയുള്ളത്. പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും വാക്സിനേഷനിലൂടെയും രോഗം വ്യാപിപ്പിക്കുന്നത് തടയണമെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ നിര്‍ദേശം. മൂന്ന് മുതല്‍ അഞ്ച് സെന്‍റിമീറ്റര്‍ വ്യാസത്തില്‍ ശരീരത്തിലുണ്ടാകുന്ന ചെറിയ മുഴകളും തടിപ്പുകളുമാണ് രോഗലക്ഷണം. രോഗം ബാധിച്ചാല്‍ പാലുല്‍പാദനം 30 ശതമാനം വരെ കുറയും. ഇന്ത്യയില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചതും കണ്ടെത്തിയതും 2019 ല്‍ ഒഡീഷയിലാണ്.
ചര്‍മമുഴ രോഗം തടയാം
രോഗബാധയ്ക്ക് കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എല്‍എസ്‌ഡി വൈറസുകളാണ്. കടിയീച്ച, ചെള്ള്, കൊതുക് എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പശുകളിലേക്ക് എത്തുന്നത്. രോഗബാധയുണ്ടായ പശുവിനെ മാറ്റിപാര്‍പ്പിച്ചില്ലെങ്കില്‍ അസുഖം മറ്റുള്ളവയിലേക്കും പകരും. അമ്മയില്‍ നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം വരാന്‍ സാധ്യതയുണ്ട്. മുഴ വ്രണമായാല്‍ ബാക്ടീരിയ ബാധയുണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. മുറിവുകളില്‍ പുഴുകള്‍ വരാതെയിരിക്കാനും ശ്രദ്ധിക്കണം. ഈ രോഗം കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമല്ല.
രോഗലക്ഷണങ്ങള്‍
രോഗം ബാധിച്ച കന്നുകാലികളില്‍ നാല് ദിവസം കൊണ്ട് ലക്ഷണം കണ്ടുതുടങ്ങും. ഉയര്‍ന്ന പനി, പാലുല്‍പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്ന് ഉമിനീര്‍ വരിക എന്നിവയാണ് ആദ്യരോഗലക്ഷണം. പിന്നീട് ശരീരത്തില്‍ തടിപ്പും മുഴകളും രൂപപ്പെടും. തലയിലും കഴുത്തിലും കൈകാലുകളിലും ഇത്തരം മുഴകള്‍ കൂടുതല്‍ രൂപപ്പെടും. മുഴകള്‍ വായിലും അന്നനാളത്തിലും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
രോഗബാധ എങ്ങനെ തടയാം
ദിവസവും തൊഴുത്തും പരിസരവും അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കണം. രോഗബാധയുള്ള സ്ഥലങ്ങളില്‍ കന്നുകാലികളുടെ വില്‍പ്പന, സഞ്ചാരം എന്നിവ ഒഴിവാക്കുക. ചര്‍മമുഴ രോഗത്തിനായി പ്രതിരോധവാക്സിന്‍ നല്‍കുക. നാല് മാസത്തിന് മുകളില്‍ പ്രായമുള്ളതും മുമ്പ് രോഗം വന്നതും പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ചതുമായി കന്നുകാലികള്‍ ഒഴിക്കെയുള്ള എല്ലാത്തിനും പ്രതിരോധകുത്തിവെപ്പുകള്‍ എടുക്കാനാണ് മൃഗസംരക്ഷണവകുപ്പിന്‍റെ നിര്‍ദേശം. ഈച്ച, കൊതുക എന്നിവയുടെ ശല്യം ഒഴിവാക്കാന്‍ തൊഴുത്തിന് ചുറ്റും നെറ്റ് അടിക്കുകയും ചെയ്യാം.