ഉണ്ട ചോറിന് നന്ദി കാണിച്ചാണ് ജിക്കിയുടെ മടക്കം. കോഴിക്കോട് മുകവൂർ സ്വദേശി ഉണ്ണി ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന്റെ കാരണക്കാരൻ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ ജിക്കിയാണ്. മുർഖന്റെ കടി ഏൽക്കാതെ ഉണ്ണിയെ രക്ഷിച്ച് ജിക്കി വിഷം തീണ്ടി ചത്തു.
രാവിലെ വീട്ടുവളപ്പിലെ കൃഷിയിടത്തിൽ പുല്ലു വെട്ടി മാറ്റാൻ പോയതാണ് ഉണ്ണി. വാഴ വെട്ടിയതോടെ കൂട്ടിലായിരുന്ന ജിക്കി കുരച്ചു. ജിക്കിയുടെ കുരയിൽ സംശയം തോന്നിയതോടെ കൂട്ടിൽ നിന്ന് പുറത്തേക്ക് വിട്ടു. വാഴയുടെ അടുത്ത് ഓടി എത്തി ജിക്കി ഇലകൾക്കിടെയിൽ നിന്ന് മൂർഖൻ പാമ്പിനെ എടുത്ത് പുറത്തേക്കിട്ടു. നായയുടെ കടിയേറ്റ മുർഖൻ അവശനിലയിലായി. ജിക്കി ചത്ത പാമ്പിനെ വീട്ടുമുറ്റത്ത് എത്തിച്ചു.
അപ്പോഴേക്കും പാമ്പിൻ്റെ വിഷം ജിക്കിയുടെ ശരീരത്തിൽ എത്തിയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ജിക്കിയുടെ കാലുകൾ കുഴഞ്ഞു. വീട്ടുകാർ കരുവിശ്ശേരിയിലെ ഡോക്ടറുടെ വീട്ടിൽ എത്തിച്ചെങ്കിലും നായ ചത്തു. പാമ്പിന്റെ വിഷം രക്തത്തിൽ കലർന്നതാണ് ജിക്കിയുടെ മരണ കാരണമെന്ന് ഡോക്ടർ പറഞ്ഞു. യജമാനനെ രക്ഷിച്ച് ജിക്കിക്ക് വീര മരണം.