കെട്ടിട പെര്‍മിറ്റിനായി പതിനയ്യായിരം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥ വിജിലിന്‍സിന്‍റെ പിടിയില്‍. വൈറ്റില സോണല്‍ ഓഫിസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെയാണ് പൊന്നുരുന്നിയില്‍ വെച്ച് കയ്യോടെ പിടികൂടിയത്. വിജിലന്‍സ് തയാറാക്കിയ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ആദ്യ പേരുകാരില്‍ ഒരാളാണ് പിടിയിലായ സ്വപ്ന.
ജോലി കഴിഞ്ഞ് തൃശൂര്‍ കാളത്തോടുള്ള വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തിയത്. കാറില്‍ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. മൂന്നുനില കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് പതിനയ്യായിരം രൂപ. ഓരോ ഫ്ലോറിനും അയ്യായിരം രൂപയെന്ന നിലയ്ക്കാണ് കൈക്കൂലി. പെര്‍മിറ്റിനായി ജനുവരി മുതല്‍ സ്വപ്നയുടെ ഓഫീസില്‍ കയറിയിറങ്ങി നടക്കുകയാണ് പരാതിക്കാരന്‍. ഒടുവില്‍ ഗതികെട്ടതോടെ വിജിലന്‍സിനെ സമീപിച്ചു. എസ്പി എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പിമാരായ സുനില്‍, തോമസ് എന്നിവരൊരുോക്കിയ ട്രാപ്പില്‍ സ്വപ്ന കുടുങ്ങി.
കൊച്ചി കോര്‍പ്പറേഷനിനെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന. വിജിലിന്‍സിന്‍റെ മുന്നില്‍ തന്നെ സ്വപ്നക്കെതിരെ പലരും പരാതിയുമായെത്തി. ഒന്നു രണ്ട് തവണ വിജിലന്‍സ് വിരിച്ച വലയില്‍ നിന്ന് സ്വപ്ന ഭാഗ്യംകൊണ്ട് ചാടിപ്പോയി. ഇത്തവണ ഭാഗ്യം സ്വപ്നയെ തുണച്ചില്ല. അനധികൃത സ്വത്ത് സമ്പാദനമടക്കം വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.