വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ ആരോപണവുമായി മോഡല്‍. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ മുകേഷിന്‍റെ കാലിന്‍റെ മുകളില്‍ കിടക്കാന്‍ പറഞ്ഞെന്നും പരാതിക്കാരി വെളിപ്പെടുത്തി. ട്രിവിയന്‍ ഫുഡ്ഡി എന്ന വ്ളോഗറുടെ വിഡിയോയിലാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് നിലവില്‍ മുകേഷ്. എം.നായര്‍ക്കെതിരായ കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു മുകേഷ് നായർക്കെതിരെ എക്സൈസും കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനാണ് കേസ്.
എന്നാല്‍ കെട്ടിച്ചമച്ചകേസാണെന്നും ഒരുകൂട്ടം വ്ളോഗര്‍ ചേര്‍ന്ന് തന്നോട് ദേഷ്യം തീര്‍ക്കുകയാണെന്നുമാണ് മുകേഷ് പറയുന്നത്. പരാതിക്കാരിയുടെ ഓഡിയോ സന്ദേശങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. കെട്ടിച്ചമച്ച കേസാണെന്നതിന് തെളിവുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഉടൻ പുറത്തു വരും സത്യം പുറത്തു വരും എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
പരാതിക്കാരിയുടെ വാക്കുകള്‍
ഞാന്‍ മോഡലിങ് ചെയ്യുന്ന ഒരാളാണ്. ഔറ പ്രൊഡക്ഷന്‍റെ സിഇഒ അന്‍സി വിളിച്ചിട്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. അവിടെ ചെന്നപ്പോള്‍ പൂള്‍സൈഡ് ഫോട്ടോയാണ് മുകേഷാണ് വരുന്നതെന്ന് പറഞ്ഞു. ഇയാളെ കണ്ടപ്പോള്‍ കുറച്ച് മോഡല്‍സ് ഇറങ്ങിപ്പോയി. അടിവസ്ത്രങ്ങള്‍ കാണുന്ന വസ്ത്രമായിരുന്നു അയാള്‍ ഇട്ടിരുന്നത്. ഇറങ്ങിപോകുന്നവരോട് ഫോട്ടോയും വിഡിയോയും തരില്ലെന്ന് അവിടുന്ന് പറയുകയും ചെയ്തു. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അയാളുടെ കാലിന്‍റെ മുകളില്‍ കിടക്കാന്‍ പറഞ്ഞു. ഞാന്‍ മെന്‍റലിയും അല്ലാതെയും ഒരുപാട് അനുഭവിച്ചു. ഈ വിഡിയോ കാരണം ഞാന്‍ ഒരുപാട് അനുഭവിച്ചു. എത്ര പണം തന്നാലും ഒരിക്കലും ഈ പരാതിയില്‍ നിന്ന് പിന്‍മാറില്ല.