പ്രത്യേക മണമുള്ളതും അത്യുല്‍പാദന ശേഷിയുമുള്ള മഞ്ഞള്‍പ്പൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള മഞ്ഞള്‍ പുറത്തിറക്കിയിരിക്കുകയാണ് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം (ഐസിഎആര്‍– ഐഐഎസ്ആര്‍). ഐഐഎസ്ആര്‍ സൂര്യ എന്നാണ് ഈ പുതിയ ഇനം മഞ്ഞള്‍ അറിയപ്പെടുക.
വ്യവസായികമായി ഇളം നിറമുള്ള മഞ്ഞളിന് ഡിമാന്‍ഡ് കൂടുതലാണെങ്കിലും വിപണിയില്‍ ലഭ്യതക്കുറവുണ്ട്. ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഇളം നിറത്തിലുള്ള മഞ്ഞള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വീകാര്യത കൂടുതലാണ്. മൈദൂര്‍, സേലം ലോക്കല്‍ തുടങ്ങിയവയാണ് ഇളം നിറമുള്ള മഞ്ഞള്‍ ഇനങ്ങളില്‍ നിലവില്‍ വിപണിയിലുള്ളത്.
ഇളം നിറമുള്ള മഞ്ഞള്‍ ഇനങ്ങള്‍ക്ക് വിള കുറവായതിനാലാണ് കര്‍ഷകര്‍ വ്യാപക കൃഷിക്ക് താല്പര്യപ്പെടാത്തത്. ലഭ്യതക്കുറവുമൂലം പലപ്പോഴും സാധാരണ മഞ്ഞള്‍ കലര്‍ത്തിയാണ് വിപണിയിലെത്തുന്നത്. ഇതിനെല്ലാം ഒരു പ്രതിവിധിയായാണ് ഐഐഎസ്ആര്‍ സൂര്യയെ ഗവേഷകര്‍ ഉല്പാദിപ്പിച്ചത്. അത്യുല്‍പാദനശേഷിയുള്ള സൂര്യയില്‍നിന്ന് ഹെക്ടറിന് ശരാശരി 29 ടണ്‍ വിളവ് കിട്ടുമെന്നാണ് ഐസിഎആര്‍ അധികൃതര്‍ പറഞ്ഞത്. സാധാരണ ഇനങ്ങളെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വര്‍ധനവാണിത്. നിര്‍ദിഷ്ട സാഹചര്യങ്ങളില്‍ കൃഷി ചെയ്താല്‍ ഹെക്ടറിന് 41 ടണ്‍ വരെ വിളവ് ലഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
'ക്ലോണല്‍ സെലക്ഷന്‍' വഴി പത്തുവര്‍ഷത്തോളമെടുത്താണ് ഇത് വികസിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരീക്ഷണ കൃഷിക്ക് ശേഷമാണ് സൂര്യയുടെ ശരാശരി വിളവ് ഉറപ്പിച്ചത്. കേരളം, തെലങ്കാന, ഒഡിഷ, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 'ഐഐഎസ്ആര്‍ സൂര്യ' കൃഷിക്ക് അനുകൂലമാണെന്നാണ് സുഗന്ധവിള ഗവേഷണ പദ്ധതിയുടെ ദേശീയ ഏകോപന സമിതി നിര്‍ദേശിച്ചിരിക്കുന്നത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ്, ഡോ. എസ്. ആരതി, ഡോ. എന്‍ കെ ലീല, ഡോ. എസ് മുകേഷ് ശങ്കര്‍, ഡോ. ബി ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇത് വികസിപ്പിച്ചത്.