wincy-profile

 ധൈര്യപൂര്‍വം വിന്‍ സി അലോഷ്യസ് പറഞ്ഞു, ആ നടന്റെ പേര് ഷൈന്‍ ടോം ചാക്കോ. ആരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയില്ല, പുകമറകള്‍ സൃഷ്ടിച്ചില്ല. വിന്‍സിയുടെ ധീരമായ നിലപാടിനു ഒരു കയ്യടി കൊടുക്കാം.

കുറച്ചു കാലം മുന്‍പാണ് വിന്‍സി അലോഷ്യസ് തന്റെ പേരിലെ സ്പെല്ലിങ് ചെറുതായി മാറ്റുന്നത്. പേരിലെ ആദ്യ അക്ഷരമായ ‘V’ എന്നത് 'W' ആക്കി മാറ്റി. ഇതോടെ പേര് Wincy എന്നായി. വിന്‍ സി എന്നാല്‍ വിജയം കാണുന്നവള്‍. അല്ലെങ്കില്‍ സി എന്നാല്‍ കടല്‍. അങ്ങനെയാകുമ്പോൾ വിജയക്കടൽ. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഈ പേര് ശക്തി പകർന്നു തന്നിട്ടുണ്ടെന്നു നടി പറയുന്നു. ഉള്ളിൽ തോറ്റുപോയാലും ജയിച്ചു കയറിവരാൻ പ്രേരിപ്പിച്ചിരുന്നത് ഈ പേരായിരുന്നു. ഗൂഗിളില്‍ വിൻസിയുടെ അര്‍ഥം നോക്കിയാല്‍ വിക്ടറി, വിജയം എന്നൊക്കെ കാണാം. ഏത് മേഖലയിലും വിജയിക്കാമെന്ന ആത്മവിശ്വാസം നേടാന്‍ പേരിലെ മാറ്റം സഹായിച്ചെന്നു വിന്‍സി പറയുന്നു. ഷൈന്‍ ടോമിനെതിരായ പോരാട്ടത്തിലും വിജയം വിന്‍സിയ്ക്കൊപ്പം തന്നെയാകട്ടെ. 

പൊന്നാനി അഴിമുഖത്തിന്റെ അൽപമകലെ ഉദിച്ചുയര്‍ന്ന താരമാണ് വിന്‍ സി. പൊന്നാനിയിൽ ജനിച്ചുവളർന്ന്, ഇവിടത്തന്നെ ജീവിക്കുന്ന നടി. ചെറുപ്പത്തിൽ കാവ്യാ മാധവന്റെയൊക്കെ ടിവി ഇന്റർവ്യൂ കണ്ട് സിനിമാതാരമാകണമെന്നു മോഹിച്ച പെൺകുട്ടി. പ്ലസ്ടു പഠനകാലത്തു മോണോ ആക്ടിൽ ജില്ലാ തലം വരെ മത്സരിച്ചു. പൊന്നാനി വിജയമാതാ ഇംഗ്ലിഷ് ഹൈസ്കൂൾ, കടകശ്ശേരി ഐഡിയൽ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊച്ചി വൈറ്റില ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽനിന്ന് ബിരുദം.

കോളജ് ട്രിപ്പിനിടെ ചിക്കൻപോക്സ് പിടിപെട്ടതാണ് വിന്‍ സിയുടെ തലവര മാറ്റിയത്.  ട്രിപ്പ് മുടങ്ങി വീട്ടിലിരുന്നപ്പോൾ ടിവിയിൽ മഴവിൽ മനോരമയില ‘നായികാ നായകൻ’ റിയാലിറ്റി ഷോയുടെ പരസ്യം കാണാനിടയായി. അങ്ങനെ ഷോയിലെത്തി.  ചിക്കൻകറി വച്ച പെൺകുട്ടിയായി മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയതോടെ സിനിമകളിലേക്കും ക്ഷണമെത്തി. ആദ്യ സിനിമ ‘വികൃതി’. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളയ്ക്ക തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2023 ല്‍ രേഖയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തി.  മലയാളിയും മധ്യപ്രദേശിലെ ആദിവാസികൾക്കായി ജീവിച്ച് രക്തസാക്ഷിയുമായ സിസ്റ്റർ റാണി മരിയയുടെ ജീവിതവുമായി ബന്ധപ്പെട്ട ‘ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലെസ്’ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു.

വിന്‍സിയുടെ തുറന്നു പറച്ചിലുകള്‍ ഇതാദ്യമായിട്ടല്ല. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റിനിർത്തുന്ന സമീപനമാണു മലയാള സിനിമയിലെന്നു നടി നേരത്തേ പറഞ്ഞിട്ടുണ്ട്. പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇതു ചോദ്യം ചെയ്താൽ സിനിമയിൽ വന്നിട്ടു കുറച്ചു വർഷം അല്ലേ ആയുള്ളൂ. മേഖലയിലെ രീതികളൊക്കെ പഠിക്കൂ എന്ന മറുപടിയാണു കിട്ടിയിട്ടുള്ളത്. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അപവാദ പ്രചാരണങ്ങൾ നടത്തുന്നതും പതിവാണ്. സിനിമാ മേഖലയിൽ പുരുഷാധിപത്യമുണ്ടെന്നു തോന്നിയിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം വിന്‍സി പറഞ്ഞിരുന്നു.

തുറന്നു പറച്ചിലുകള്‍ പുതിയ സൂത്രവാക്യങ്ങള്‍ക്ക് സ്റ്റാര്‍ട്ട് പറയുന്നതാകട്ടെ. ആക്ഷന്‍ പിന്നാലെ. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനു കട്ട് വരുമെന്ന് പ്രതീക്ഷിക്കാം.

ENGLISH SUMMARY:

Actress Vincy Aloshious profile