വീല്‍ചെയറിലെങ്കിലും വിധിയോടുള്ള പോരാട്ടത്തിന്‍റെയും അതിന് കരുത്തായ സൗഹൃദങ്ങളുടെയും കഥയാണ് കണ്ണൂരിലെ ബൈജുവിന്‍റെ ജീവിതം. പാതി തളര്‍ന്ന ശരീരവുമായി കഴിയുന്ന ബൈജുവിനെ തളരാന്‍ വിടില്ലെന്ന് തീരുമാനിച്ചത് കൂടെപ്പിറപ്പിനെ പോലെ കരുതുന്ന ചങ്കുകളാണ്.
30 വര്‍ഷമായി വള്ളിത്തോട് കുന്നോത്തുപറമ്പിലെ ബൈജു ചക്രക്കസേരയില്‍ ഇരിപ്പ് തുടങ്ങിയിട്ട്. ഇരുപതാം വയസില്‍ പെയിന്‍റിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റത് മുതലാണ് ഈ നിലയിലായത്. അരയ്ക്ക് താഴെ തളര്‍ന്നപ്പോള്‍ ജീവിതം കൈവിട്ടുവെന്ന് കരുതിയതാണ് ബൈജു. പക്ഷേ, കൈവിടാന്‍ ബൈജുവിന്‍റെ ചങ്ങാതിമാര്‍ ഒരുക്കമല്ലായിരുന്നു. മുപ്പത് വര്‍ഷത്തെ വെറും മുപ്പതു ദിവസം പോലെയാക്കി മാറ്റിയത് ആ ചങ്ങാതിമാരാണ്. ബൈജുവിനെ ഉത്സവത്തിനും ആഘോഷത്തിനുമെല്ലാം കൊണ്ടുപോയാണ് അവര്‍ സഹോദര സ്നേഹത്തിന്‍റെ മാതൃക കാട്ടിയത്. ഏറ്റവുമൊടുവില്‍ കൂട്ടുകാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് ബൈജുവിന്‍റെ 50ആം പിറന്നാളും ആഘോഷമാക്കി.
ബൈജുവിനെക്കുറിച്ച് ചങ്ങാതിമാര്‍ക്കും ഏറെ പറയാനുണ്ട്. തനിക്കൊപ്പം എല്ലാവരുമുണ്ടെന്ന 30തോന്നലുണ്ടായപ്പോള്‍ ബൈജുവിന് കരുത്ത് നഷ്ടപ്പെട്ടില്ല. വീടിനടുത്ത് തന്നെ ഒരു പലചരക്കുകടയിട്ടു. അവിടെയിരുന്ന് നാട് കണ്ടു, നാട്ടുകാരോട് കുശലം പറഞ്ഞു.. കച്ചവടം ചെയ്ത് വരുമാനവും നേടി. ബൈജുവും ഹാപ്പി.0.