ആർക്കും പ്രിയപ്പെട്ടവരല്ലാത്ത ഒരു കൂട്ടരുണ്ടല്ലോ നമുക്കിടയിൽ. കാട്ടാന ചവുട്ടികൊല്ലുന്ന ആളുകൾ. ആദിവാസികൾ. ഇക്കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ കാട്ടാനയാൽ കൊല്ലപ്പെട്ടത് മൂന്നു ആദിവാസികളാണ്. ഇടുക്കിയിലും, കുട്ടമ്പുഴയിലും, പൂയംകുട്ടിയിലുമൊക്കെ കൊല്ലപ്പെടുന്നവരിലും എണ്ണ കൂടുതൽ ഗോത്രവർഗക്കാർ തന്നെ.

കൊല്ലപ്പെട്ടവരുടെ  കുടുംബങ്ങളിലെ വിലാപങ്ങൾക്കിടയിൽ, പരിഷ്കൃതരെന്നവകാശപ്പെടുന്നവരിൽ നിന്ന്, സർക്കാരിൽ നിന്ന്, വനം വകുപ്പിൽ നിന്ന്, ഉദ്യോഗസ്ഥരിൽ നിന്ന് നിരന്തരം കേൾക്കുന്നൊരു പല്ലവി കാട്ടിൽ കയറിയിട്ടല്ലേ, വനാതിർത്തിയിൽ താമസിച്ചിട്ടല്ലേ എന്നൊക്കെയാണ്. സുരക്ഷിത ഇടത്തിരുന്ന് ആർക്കും അതുപറയാം. നിങ്ങളിപ്പോൾ താമസിക്കുന്ന ഇടങ്ങളെല്ലാം ഒരിക്കൽ കാടും വനവും ആയിരുന്നെന്ന് ഓർത്താൽ മതി.

വനവിഭവങ്ങളിലാണ് ആദിവാസിയുടെ നില നിൽനിൽപ്പ്. അവർക്കത് ശേഖരിക്കാതിരിക്കാൻ ആകില്ല. അതു തേടിപ്പോകുന്നവരുടെ സുരക്ഷയിൽ ഭരണകൂടത്തിനും പങ്കുണ്ട്. എന്നും കബളിപ്പിക്കപ്പെടുന്ന കൂട്ടരാണവർ. അർഹമായ നഷ്ടപരിഹാരം നൽകാതെ ഭരണകൂടം അവരെ നിരന്തരം പറ്റിക്കുന്നു. 

ആദിവാസി ജീവനെയും, മൃതദേഹത്തേയും വച്ച് എത്ര വിലപേശലും, രാഷ്ട്രീയ മുതലെടുപ്പുമാണ് നാം കാണുന്നത്. ആർക്കും പ്രിയപ്പെട്ടവരല്ലാത്ത തങ്ങളെ, രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നോ എന്ന തിരിച്ചറിവാകാം  ഒരുപക്ഷേ അവരെ ചാലക്കുടി താലൂക്കാശുപത്രിയിൽ ഭിന്നാഭിപ്രായമുയർത്താൻ പ്രേരിപ്പിച്ചത്.

ആദിവാസി ഉന്നമനത്തിന് വാരിക്കോരി നൽകുന്നു എന്നവകാശപ്പെടുന്നവർ ഇടയ്ക്കെങ്കിലും ഒരു ആദിവാസി ഊരിൽ പോകണം. എന്നിട്ട് വിലയിരുത്തണം സർ. എവിടെയാണ് സർ ചെലവഴിച്ച ആ പണമെന്ന്. ആർക്കാണ് സർ അത് പ്രയോജനപ്പെട്ടതെന്നും.

ENGLISH SUMMARY:

Frequent wild animal attacks in Kerala’s forest regions continue to claim tribal lives. Recent deaths in Athirappilly highlight the neglect and vulnerability faced by Adivasi communities.