ഇന്ന് രാവിലെ 11.30 ഓടെ ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ പണിമുടക്കിയതോടെ കൈയ്യിൽ പണമോ, എടിഎം കാർഡോ ഇല്ലാതെ പെട്രോൾ പമ്പുകളിലെത്തിയവർ കുടുങ്ങി.  സാങ്കേതിക തകരാർ മൂലം രാജ്യത്തെ യുപിഐ മുഖേനയുള്ള ഡിജിറ്റൽ പേയ്‌മെന്റുകളാണ് സ്തംഭിച്ചത്. ​

ഗൂ​ഗിൾ പേ വഴി പണമടച്ച് ശീലമായവർ എടിഎം കാർഡ് പോലും എടുക്കാതെയാണ് പമ്പിലെത്തിയത്.  എല്ലാ പേയ്മെന്റുകളും സ്തംഭിച്ചിരിക്കുകയാണെന്നും, പണം തന്നാൽ മാത്രമേ പെട്രോൾ അടിക്കാനാവൂ എന്നും പമ്പിലെ ജീവനക്കാർ അറിയിച്ചതോടെ, എല്ലാവരും പഴ്സും, ബാ​ഗുമെല്ലാം തപ്പാൻ തുടങ്ങി. 

എന്നാൽ ഭൂരിഭാ​ഗം പേരുടെയും കൈവശം ഫോണല്ലാതെ മറ്റൊന്നുമില്ലായിരുന്നു. പിന്നെ, എടിഎം കാർഡോ, പണമോ കൈവശമുള്ളവരോട് എനിക്കുകൂടി എണ്ണയടിച്ച് തരാമോ?.. പണം പിന്നീട് ​ഗൂ​ഗിൾ പേ ചെയ്യാം എന്നായി ചോദ്യം. എന്തായാലും ചിലരൊക്കെ അത് സമ്മതിച്ച് എടിഎം കാർഡില്ലാത്തവർക്ക് കൂടി എണ്ണയടിച്ച് നൽകി. ചിലർ കേട്ടഭാവം നടിക്കാതെ പോയി. 

സാങ്കേതിക തകരാന്‍ നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എൻ‌പി‌സി‌ഐ) സ്ഥിരീകരിച്ചിട്ടുണ്ട്. എൻ‌പി‌സി‌ഐ നിലവിൽ ഇടയ്ക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നുവെന്നും ഇത് ഭാഗികമായി യു‌പി‌ഐ ഇടപാടുകളെയും ബാധിക്കുന്നുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എൻ‌പി‌സി‌ഐ പറഞ്ഞു.

രാജ്യത്താകമാനം ദൈനംദിന ഇടപാടുകള്‍ക്കായി ഇന്ന് ഒട്ടേറെ പേരാണ് യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് രാവിലെ 11.30 ഓടെയാണ് ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെ ഡിജിറ്റൽ പേയ്‌മെന്റുകളില്‍ തടസം നേരിട്ടുതുടങ്ങിയത്. 76 ശതമാനം ഉപയോക്താക്കളും പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും 23 ശതമാനം പേർക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ലെന്നും ഡൗൺഡിറ്റക്ടർ വ്യക്തമാക്കുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ പരാതികളുമായി ഉപയോക്താക്കളെത്തി. പരാജയപ്പെട്ട പണമിടപാടുകളുടെ സ്‌ക്രീൻഷോട്ടുകളുള്‍പ്പെടെ ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. 

ENGLISH SUMMARY:

UPI Down: Google Pay, Paytm, PhonePe not working