ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നു. ഒരുമിച്ച് ഭക്ഷണവും കിടപ്പും, കോഴിക്കോട് സ്വദേശികളായ ജയരാജനും മഹേഷും കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്‍റെ  ഞെട്ടലിലാണ് നാട്ടുകാര്‍. മഹേഷിനെ കഴുത്തറുത്ത് കൊന്ന ശേഷം ജയരാജ് തൂങ്ങിമരിക്കുകയായിരുന്നു. 30 വര്‍ഷത്തോളമായി സുഹൃത്തുകളുമായിരുന്ന ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി  നടത്തുകയാണ്. 

അയല്‍വാസികളാണ് 51കാരനായ മഹേഷും 48കാരനായ ജയരാജനും. കോയമ്പത്തൂരിലെ ബേക്കറി കച്ചവടം ലാഭകരമായതോടെ  കാറും പലയിടത്തായി ഭൂമിയും ഇരുവരും വാങ്ങികൂട്ടി. കഴിഞ്ഞ ദിവസമാണ് മഹേഷിനെ കൊലപ്പെടുത്തിയ ശേഷം ജയരാജന്‍ ജീവനൊടുക്കിയ വാര്‍ത്ത നാട്ടില്‍ അറിയുന്നത്. ‌

ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അറിയില്ലെന്ന്  നാട്ടുകാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. ജയരാജനാണ് മഹേഷിനെ കോയമ്പത്തൂരിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. 20 വര്‍ഷത്തോളമായി ഇരുവരും കോയമ്പത്തൂരിലാണ്. ഈയിടെ കാറുമായി വരുമ്പോള്‍ അപകടമുണ്ടായിരുന്നു. ജയരാജിന് പരുക്ക് പറ്റി. ശേഷം തിരികെ കോയമ്പത്തൂരിലേക്ക് പോയതാണ് ഇരുവരുമെന്നും നാട്ടുകാരന്‍ പറഞ്ഞു. രണ്ട് മാസം മുന്‍പ് മഹേഷിന്‍റെ ജീവിത്തിലേയ്ക്ക് കടന്നുവന്നൊരു സ്ത്രീയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നതില്‍ ദുരൂഹത തുടരുകയാണ്. 

വിവാഹ മോചിതയായ യുവതിയുമായി മഹേഷിനുള്ള ബന്ധത്തിന്‍റെ പേരില്‍ വീട്ടില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു .യുവതി ഇടയ്ക്കിടെ ബേക്കറിയിലും എത്തിയിയിരുന്നു. ജയരാജും ഈ ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മഹേഷ് യുവതിയെ വിവാഹം കഴിച്ചു.ഇതേ ചൊല്ലിയുള്ള തര്‍ക്കമാകാം  മരണത്തിന് കാരണമായതെന്ന് കരുതുന്നു.

ENGLISH SUMMARY:

A tragic incident in Coimbatore has shocked locals after two close friends from Kozhikode, Jayaraj and Mahesh, were found dead. The two had grown up together, sharing food, shelter, and a deep friendship spanning nearly 30 years. The duo had been running a bakery business in Coimbatore. Preliminary reports suggest that Jayaraj killed Mahesh by slitting his throat and later took his own life by hanging.