മഹാത്മാഗാന്ധിയുടെ ആലുവ യു.സി കോളേജ് സന്ദർശനത്തിന് 100 വയസ്സ്. ഗാന്ധിജി അന്ന് നട്ട മാവും സന്ദർശക ഡയറിയിൽ എഴുതിയ വാക്കുകളും അമൂല്യനിധിയായി കോളേജിൽ സൂക്ഷിക്കുന്നുണ്ട്. നൂറാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
1925 മാർച്ച് 18നാണ് ഗാന്ധിജി ആദ്യമായി ആലുവ യുസി കോളേജിൽ എത്തുന്നത്. വൈക്കം സത്യഗ്രഹ വേദിയിൽ നിന്ന് കാറിൽ ആയിരുന്നു കോളേജിലേക്കുള്ള യാത്ര. യുസിയുടെ സ്ഥാപകരിൽ ഒരാളായ സി.പി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പസ് സന്ദർശിക്കാൻ ഗാന്ധിജിയെ ക്ഷണിച്ചത്. വിദ്യാർത്ഥികൾ ഉത്സാഹഭരിതരായി. ഗാന്ധിജിയുടെ വാക്കുകൾ തർജ്ജമ ചെയ്യാൻ അധ്യാപകരും തയ്യാറായി നിന്നു. ക്യാമ്പസ് ഉടനീളം ഗാന്ധിജി നടന്നു കണ്ടു. അന്നേ പലതരം മരങ്ങൾ കൊണ്ട് നിറഞ്ഞ ക്യാമ്പസിന് അഭിനന്ദനം. പ്രധാന ഓഫീസിനോട് ചേർന്ന് ഒരു മാവിൻ തൈ ഗാന്ധിജി നട്ടു. നൂറു വർഷങ്ങൾക്കിപ്പുറം ഗാന്ധിജിയുടെ സന്ദർശനത്തിന്റെ ജീവിക്കുന്ന സ്മാരകമായി ആ മാവ് ഇങ്ങനെ വളർന്ന് പന്തലിച്ചു നിൽക്കുന്നു.
'ഡിലൈറ്റഡ് വിത്ത് ഐഡിയൽ സിറ്റുവേഷൻ' എന്ന് സന്ദർശക ഡയറിയിൽ എഴുതിയായിരുന്നു ഗാന്ധിജിയുടെ മടക്കം. അതിനുശേഷവും യുസി കോളേജിന്റെ ക്ഷണം സ്വീകരിച്ച് ഗാന്ധിജി ആലുവയിലെത്തി.