കാക്കി ധരിച്ച നിരവധി പൊലീസുകാരെ നേരിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി പൊലീസ് സ്റ്റേഷനിൽ കയറിയതിന്‍റെ സന്തോഷത്തിലാണ് കുരുന്നുകൾ. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ലോക്കപ്പും തോക്കുമെല്ലാം അടുത്തു കണ്ടപ്പോൾ അവർക്ക് അമ്പരപ്പ്. പുന്നപ്ര ഗവ: ജെ.ബി.സ്കൂളിലെ മൂന്നാം ക്ലാസിലെ 90 ഓളം വിദ്യാർത്ഥികളാണ് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയത്.
ജെ.ബി സ്കൂളിന് മുന്നിൽത്തന്നെയാണ് പുന്നപ്ര പൊലീസ് സ്റ്റേഷൻ. പൊലീസുകാരേയും പൊലീസ് സ്റ്റേഷനുമെല്ലാം എല്ലാ ദിവസവും കാണുമെങ്കിലും സ്റ്റേഷന് അകത്തു കയറുന്നത് ഇതാദ്യം. മൂന്നാം ക്ലാസിലെ ഇ.വി.എസ് വിഷയത്തിൽ പൊലീസ് സ്റ്റേഷനെക്കുറിച്ച് പഠിക്കാനുണ്ട്. ഇതോടെയാണ് വിദ്യാർഥികളെ പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം നേരിട്ട് ബോധ്യപ്പെടുത്താൻ അധ്യാപകരും പി.ടി.എയും തീരുമാനിച്ചത്.
സ്റ്റേഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് സിഐ സ്റ്റെപ്റ്റോ ജോൺ വിശദീകരിച്ചു. ഇതിനു ശേഷമാണ് സ്റ്റേഷനുള്ളിലേക്ക് കയറിയത്. അകത്തു കയറി ലോക്കപ്പും പ്രതികളെയും കണ്ടതോടെ ചിലർക്ക് പേടി. വിവിധതരം തോക്കുകളും പ്രവർത്തനവും സി.ഐ വിശദീകരിച്ചപ്പോൾ ചിലർക്ക് തോക്കിൽ വെടിയുണ്ട ഇടുന്നതും കാണണം. അതും എങ്ങനെയെന്ന് അവര്‍ കാട്ടിക്കൊടുത്തു.
പൊലീസ് സ്റ്റേഷൻ സന്ദർശനത്തിനെത്തിയ കുഞ്ഞ് അതിഥികൾക്ക് പൊലീസുകാർ മിഠായി നൽകി. പൊലിസുകാർക്ക് ടാറ്റായും ഷേക്ക് ഹാൻഡും കൊടുത്ത് മടങ്ങിയപ്പോൾ കുരുന്നുകൾക്ക് പോലീസിനെക്കുറിച്ചുള്ള പേടിയും മാറി.