മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ പ്രണയദിനത്തില്‍ കേരളത്തിലെത്തുകയാണ്. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്‍റെ ജ്വല്ലറി ഉദ്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. ഫെബ്രുവരി 14ന് രാവിലെ 10.30ന് താൻ കോഴിക്കോട് എത്തുമെന്ന് മൊണാലിസ പറയുന്ന ഒരു വിഡിയോ ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമത്തില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പിന്നാലെ മൊണാലിസയ്ക്ക് ബോച്ചെ എത്ര പ്രതിഫലം നല്‍കും എന്ന തരത്തിലുള്ള ചര്‍ച്ചകളും ചൂടുപിടിച്ചു.

15 ലക്ഷം രൂപയാണ് 'മൊണാലിസ'എന്ന് അറിയപ്പെടുന്ന മോണി ബോൻസ്ലെയെ കേരളത്തിലെത്തിക്കാനായി ബോച്ചെ നല്‍കുന്നതെന്നാണ് അറിയുന്നത്. സാധാരണയായി ജ്വല്ലറി ഉദ്ഘാടനത്തിനെത്തുന്ന സെലിബ്രിറ്റികള്‍ക്ക് സ്വര്‍ണം നല്‍കാറുണ്ട്, ബോച്ചെ കുറഞ്ഞത് രണ്ടു പവന്‍റെയെങ്കിലും സ്വര്‍ണം മൊണാലിസയ്ക്ക് നല്‍കും എന്ന കമന്‍റുകളും സമൂഹമാധ്യമത്തില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ ആ കുട്ടിക്ക് എഴുതാനും വായിക്കുവാനും അറിയില്ല. കേരളത്തിൽ വന്നുപോകുന്നതിനു മുൻപ് സ്വന്തം പേര് എഴുതുവാനെങ്കിലും ആ കുട്ടിയെ പഠിപ്പിക്കണം. വിദ്യാഭ്യാസത്തിന്റെ മൂല്യം അവർ അവരുടെ നാട്ടിൽ പോയി അവതരിപ്പിക്കട്ടെ. കുറച്ചെങ്കിലും വിദ്യ കിട്ടുന്നത് നല്ലതല്ലേ എന്നും കമന്‍റുണ്ട്.

ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ 'മൊണാലിസ' എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ പെൺകുട്ടിയെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പക്ഷേ ഇപ്പോള്‍ സിനിമാ അവസരങ്ങളടക്കം മൊണാലിസയെ തേടിയെത്തിയിരിക്കുകയാണ്.

മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് സംവിധായകന്‍ സനോജ് മിശ്ര പറഞ്ഞിരുന്നു. അടുത്ത സിനിമയായ ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയിലാണ് മൊണാലിസ ഭാഗമാകുക. സിനിമയില്‍ അഭിനയിക്കുന്നതിന് മൊണാലിസയ്ക്ക് 21 ലക്ഷം രൂപ ലഭിക്കും. ഒരു ലക്ഷം രൂപ അഡ്വാന്‍സും കൈപ്പറ്റി എന്നാണ് സൂചന. എഴുത്തും വായനയും അറിയാത്ത മൊണാലിസയെ അക്ഷരമാലയടക്കം സംവിധായകന്‍ പഠിപ്പിക്കുന്നുണ്ട്. 

ഒരു ചെറിയ മുറിയില്‍ സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഹിന്ദി അക്ഷരങ്ങള്‍ എഴുതി വായിച്ചു പഠിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വായിക്കാനും എഴുതാനും അറിയില്ലെങ്കിൽ എങ്ങനെയാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് എന്ന് മൊണാലിസയോട് സനോജ് മിശ്ര ചോദിക്കുന്നുണ്ട്. താൻ ഫോട്ടോകൾ മാത്രമാണ് അപ്‌ലോഡ് ചെയ്യുന്നതെന്നും എഴുത്തുകളൊന്നും എഴുതാറില്ലെന്നുമായിരുന്നു മൊണാലിസയുടെ മറുപടി.

ENGLISH SUMMARY:

The viral star of the Maha Kumbh Mela, Monalisa, is arriving in Kerala on Valentine's Day. She is visiting Kozhikode for the inauguration of a Chemmanur Group jewelry store. A video of Monalisa announcing that she will reach Kozhikode at 10:30 AM on February 14 was shared by Boby Chemmanur on social media yesterday. Following this, discussions heated up about how much Boby Chemmanur would be paying Monalisa as compensation.