വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി സ്വദേശി എലീന ജോർജും വിവാഹിതരായി. സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം തിരുവനന്തപുരം റോസ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹം റജിസ്റ്റർ ചെയ്തത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സിപിഎം ജില്ല സെക്രട്ടറി വി ജോയി, മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ സന്നിഹിതരായി. എം ജി രാധാകൃഷ്ണന്റെ മകൾ തേജസ്വിനി രാധാകൃഷ്ണന്‍, സുഹൃത്തുക്കളായ ഐശ്വര്യ, മേഘ മോഹനൻ എന്നിവർ വിവാഹ രജിസ്ട്രേഷന് സാക്ഷികളായി. വൈകിട്ട് മൂന്നിന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ചായ സൽക്കാരം ഒരുക്കിയിട്ടുണ്ട്.
ആർ. പാർവതി ദേവിയുടെയും എന്‍റെയും മകൻ പി. ഗോവിന്ദ് ശിവനും തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിന്‍റെയും റെജിയുടെയും മകൾ എലീന ജോർജും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി എന്ന അടിക്കുറിപ്പോടെയാണ് വിവാഹവിവരം മന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.