തെല്ലും കുറ്റബോധമില്ലാതെ ചിരിച്ച് മുടി ചീകി ക്യാമറയ്ക്ക് മുൻപില്‍ നില്‍ക്കുന്ന ‘കോക്കാടൻ’ എന്ന ജിബിനെ കണ്ട പൊലീസുകാര്‍ ശരിക്കും ഒന്ന് ഞെട്ടി. പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിടുന്നതും ചവിട്ടി വീഴ്ത്തിയതും മർദിച്ചതുമെല്ലാം തെല്ലും കുറ്റബോധമില്ലാതെ ജിബിൻ പൊലീസിനു കാട്ടിക്കൊടുത്തു. പൊലീസ് ഡ്രൈവര്‍ സി.കെ.ശ്യാംപ്രസാദ് വധക്കേസിൽ പ്രതി ജിബിൻ ജോർജിനെ സംഭവസ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുത്തപ്പോഴാണ് ഈ കാഴ്ച
ക്യാമറ കണ്ടതോടെ ജീപ്പിലിരുന്നു മുഖം മിനുക്കി, മുടിയൊക്കെ ഒതുക്കിയാണു ജിബിൻ പുറത്തിറങ്ങിയത്. തിങ്ങിനിറഞ്ഞ ആളുകൾക്കിടയിലൂടെ ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെയായിരുന്നു വരവ്. ക്യാമറകളിൽ നിന്നു മുഖം മാറ്റാതെ തിരികെ ജീപ്പിൽ കയറി. കോട്ടയം ഡിവൈഎസ്‌പി കെ.ജി.അനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസലും സംഘവുമാണ് ഇന്നലെ വൈകിട്ട് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
സുഹൃത്തുക്കൾക്കിടയിൽ കോക്കാടൻ എന്നാണു ജിബിന്‍റെ വിളിപ്പേര്. വധശ്രമം, മോഷണം, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണു കോക്കാടൻ ജിബിൻ.ബാറുകളിൽ കയറി മറ്റുള്ളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുക പതിവ് വിനോദമാണെന്നു നാട്ടുകാർ പറയുന്നു.