ഇന്ത്യയിൽ കാപ്പി ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്താകട്ടെ ഏറ്റവും കൂടുതൽ ഉൽപാദനം നടക്കുന്നത് വയനാട് ജില്ലയിലും. കണ്ണെത്താ ദൂരത്തോളം ഇങ്ങനെ പരന്നുകടപ്പുണ്ട് ഇവിടെ കാപ്പി തോട്ടങ്ങൾ. മണ്ണിൽ ആഴത്തിൽ വേരു പായിച്ച് ഒരു നൂറ്റാണ്ടോളം ഫലം തരുന്ന ‘വയനാടൻ സ്വർണം’. വിപണിയിൽ കാപ്പിക്കുരുവിന്‍റെ വില റെക്കോര്‍ഡില്‍ എത്തി നിൽക്കുമ്പോൾ കർഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമുള്ള പ്രതീക്ഷ ചെറുതല്ല.
1825 ല്‍ ബ്രൗൺ എന്നൊരു ബ്രിട്ടീഷുകാരനാണ് കാപ്പി വയനാട്ടിലെത്തിക്കുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയിൽ കാപ്പി തഴച്ചു വളർന്നു. വയനാട്ടിലെ തോട്ടങ്ങളിൽ കാപ്പി നിറഞ്ഞ് നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് റോബസ്റ്റ ആണ് വയനാടിന്‍റെ പ്രിയപ്പെട്ട ഇനം. സെലക്ഷൻ 2, 74 അടക്കം പല പുതിയ ഇനങ്ങളും ഇപ്പോൾ കളം പിടിച്ചിട്ടുണ്ട്. കുരങ്ങൻമാർ ഒഴികെ മറ്റ് വന്യജീവികളൊന്നും കാപ്പി ചെടികളെ ആക്രമിക്കാറുമില്ല.
വിപണിയിൽ വിലകുറഞ്ഞ ഒരു സമയത്ത് കർഷകർ തന്നെ ചെടികൾ പിഴുതു മാറ്റിയിട്ടുണ്ട്. എന്നാല്‍ ചൂടാറൂം മുൻപേ കാപ്പി കളത്തിൽ നിന്ന് കോരി എടുക്കുന്ന കായകൾ ഇന്ന് വയനാടിന്‍റെ പ്രതീക്ഷയാണ്. ലോകവ്യാപകമായി കാപ്പിയുടെ ഉൽപാദനം കുറഞ്ഞതാണ് വിലവർധനവിന് ഉള്ള കാരണം എന്നാണ് വിലയിരുത്തൽ. ഇതോടെ വിപണിയിൽ പ്രൗഡി തിരികെ പിടിക്കുന്ന കാപ്പി സമൃദ്ധിയുടെ ഒരു കാലം സമ്മാനിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.