ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിമര്‍ശിച്ച നോവലിസ്റ്റ് ബെന്യാമിന് മറുപടിയുമായി എഴുത്തുകാരി കെ.ആര്‍.മീര. ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് തനിക്കും ധാരാളം പറയാനുണ്ടെന്നായിരുന്നു മീരയുടെ മറുപടി. തന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണെന്ന് മീര കുറിച്ചു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. തന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍ നിന്ന് കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണ് ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നതായും മീര ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭയ്ക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച കെ.ആര്‍.മീരയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. ഇതിനാണ് മീരയുടെ മറുപടി. കെ.ആര്‍.മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്നായിരുന്നു ബെന്യാമിന്‍ അഭിപ്രായപ്പെട്ടത്. ‘ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടം’ ബെന്യാമിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് കെ.ആര്‍.മീര ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ' എന്നായിരുന്നു മീര പങ്കുവെച്ച കുറിപ്പ്. ഇതിനെതിരെ എഴുത്തുകാരി സുധാ മേനോനും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.