മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. രണ്ടാഴ്ചയ്ക്കുശേഷമാണ് തണുപ്പ് ഈ നിലയിലെത്തിയത്. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച പുലർച്ചെ താപനില പൂജ്യത്തിലെത്തി. ദേവികുളം, സെവൻമല, നല്ലതണ്ണി, മൂന്നാർ ടൗൺ എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലന്റ്‌വാലി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രി സെൽസിയസുമാണ് രാവിലെ രേഖപ്പെടുത്തിയ താപനില.
രാത്രി തണുപ്പ് ശക്തമാണെങ്കിലും പകൽ 25 ഡിഗ്രി വരെ താപനില ഉയരും. ചെണ്ടുവരയിൽ രണ്ടാഴ്ച മുൻപ് താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു. വീണ്ടും താപനില താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
കന്നിമല, പെരിയവര എന്നിവിടങ്ങളിലെ പുൽമേടുകളിൽ രാവിലെ മഞ്ഞു മൂടിക്കിടക്കുന്നതു ഹൃദ്യമായ കാഴ്ചയായി. ഈ മനോഹരദൃശ്യം ആസ്വദിക്കുന്നതിനായി ഒട്ടേറെ വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്.