ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് വലിയ സ്വീകരണമാണ് കോണ്‍ഗ്രസ്–ലീഗ് പ്രവര്‍ത്തകര്‍ പല സ്ഥലത്തും കൊടുക്കുന്നത്. ഇപ്പോഴിതാ ബഹറിൻ കെഎംസിസിയുടെ മനാമ സെന്‍ട്രല്‍ മാര്‍ക്ക് പ്രവര്‍ത്തന ഉദ്ഘാടകനും സന്ദീപ് വാര്യരായിരുന്നു. സൗദിയിലെത്തിയ സന്ദീപിന്‍റെ തലപ്പാവ് വച്ചുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ പല കോണില്‍ നിന്നും ചിത്രത്തിന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍. മതേതര വാദിയായി പ്രച്ഛന്ന വേഷം ധരിച്ച വീരശ്രീ സന്ദീപ് വാര്യർ അറേബ്യൻ മരുഭൂമിയിൽ എന്നായിരുന്നു വിമര്‍ശനം, ഇതിന് സന്ദീപിന്‍റെ മറുപടി ഇങ്ങനെ,
‘ഞാൻ നേരത്തെ അഞ്ചാറു വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആളാണ്. ഇതൊന്നും ആദ്യമായിട്ട് അണിയുന്നതല്ല. ദുബായിലെ ഡെസർട്ട് ഡ്രൈവിന് പോകുന്ന സ്ഥലങ്ങളിൽ അതിഥികൾക്ക് ഇത്തരത്തിൽ തലപ്പാവ് വേണമെങ്കിൽ അണിയിച്ചു കൊടുക്കും. ഇതൊക്കെ അതാത് പ്രദേശങ്ങളുടെ സംസ്കാരത്തിൻറെ ഭാഗമാണ്. ഏതെങ്കിലും മത വിഭാഗത്തിന്റെ ചിഹ്നമല്ല’, സന്ദീപ് പറയുന്നു.
കുറിപ്പ്
ലോകത്തെ എല്ലാ സ്ഥലങ്ങളിലും അതാത് സ്ഥലങ്ങളിലെ തലപ്പാവ് അവർ അതിഥികളെ അണിയിക്കുന്നത് ഒരു രീതിയാണ്. പ്രത്യേകിച്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ. നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ പോകുമ്പോൾ അതാത് സംസ്ഥാനങ്ങളിലെ തലപ്പാവ് അണിയിക്കാറുണ്ടല്ലോ. ഞാൻ നേരത്തെ അഞ്ചാറു വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആളാണ്. ഇതൊന്നും ആദ്യമായിട്ട് അണിയുന്നതല്ല. ദുബായിലെ ഡെസർട്ട് ഡ്രൈവിന് പോകുന്ന സ്ഥലങ്ങളിൽ അതിഥികൾക്ക് ഇത്തരത്തിൽ തലപ്പാവ് വേണമെങ്കിൽ അണിയിച്ചു കൊടുക്കും. ഇതൊക്കെ അതാത് പ്രദേശങ്ങളുടെ സംസ്കാരത്തിൻറെ ഭാഗമാണ്. ഏതെങ്കിലും മത വിഭാഗത്തിന്റെ ചിഹ്നമല്ല. ഇതണിഞ്ഞ് ഫോട്ടോ എടുത്തതിന്റെ പേരിൽ എൻറെ മതേതര സർട്ടിഫിക്കറ്റ് സിജെപിക്കാർ റദ്ദ് ചെയ്യുമെങ്കിൽ പോയി പണി നോക്കാൻ പറയും.