ക്രിസ്മസ് കാലത്ത് അമ്മമാരെ തേടി കേരളത്തിലെത്തിയിരിക്കുകയാണ് ബെൽജിയത്തിൽ നിന്നുള്ള പീറ്ററും, ലിന്നും. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ കേരളത്തിൽനിന്ന് ദത്തെടുത്ത് കൊണ്ടുപോയതാണ് ഇരുവരെയും. കയ്യിലുള്ളത് വളരെ കുറച്ച് വിവരങ്ങൾ ആണെങ്കിലും തായ്‌വേരുകൾ കണ്ടെത്താനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
44 വയസുണ്ട് പീറ്റർ ഡക്നോക്കിന്. ബെൽജിയത്തിൽ അധ്യാപകനാണ്. 16 മാസം മാത്രം പ്രായമുള്ളപ്പോഴാണ് കൊച്ചിയിലെ സെന്റ് തെരേസസ് ഓർഫനേജിൽ നിന്നും ബെൽജിയത്തിൽ നിന്നുള്ള ദമ്പതികൾ പീറ്ററിനെ ദത്തെടുക്കുന്നത്. പിന്നീട് പഠിച്ചതും വളർന്നതുമെല്ലാം ബെൽജിയത്തിൽ. ഈ ക്രിസ്മസിന് ജന്മനാട്ടിലേക്കുള്ള വരവ് അമ്മയെ തേടിയാണ്.
അച്ഛൻ മരിച്ചുപോയി അമ്മയാണ് ഓർഫനേജിൽ ആക്കിയതെന്ന ഓർമയാണ് പീറ്ററിനുള്ളത്. 2008 ലും തായ്‍വേരുകൾ അന്വേഷിച്ച് വന്നിരുന്നെങ്കിലും പക്ഷേ ആരെയും കണ്ടെത്താനായില്ല. ഇത്തവണ കേരളത്തിലേക്ക് പീറ്ററിനൊപ്പം കലാ അധ്യാപികയായ ലിന്ന് ബവൻ കൂടിയുണ്ട്. 22 വർഷം മുൻപ് വേനൽക്കാല വിദ്യാർഥി ക്യാമ്പിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. താൻ ബെൽജിയത്തിൽ എത്തിയ കഥ പീറ്റർ പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടില്ലെന്ന് ലിന്ന് പറഞ്ഞു. അതിന് കാരണവുമുണ്ട്.
പീറ്ററിന്റേതിന് സമാനമായ കഥയാണ് ലിന്നിന്റേതും. കോട്ടയത്ത് നിന്നാണ് ലിന്നിനെ ദത്തെടുത്തത്. അമ്മയുടെ പേര് അറിയാം. കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. ജനുവരി 11 വരെ പീറ്ററും ലിന്നും കേരളത്തിലുണ്ടാകും. അതിനിടയിൽ തങ്ങൾ തേടുന്നവരെ കണ്ടെത്താനാകുമെന്ന് തന്നെയാണ് ഇതുവരെയും ഉറച്ച പ്രതീക്ഷ.