Photo Credit; Facebook
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി വ്യത്യസ്തമായ റീലുമായി കേരള പൊലീസ്. റീല്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. പേളി മാണി ഇരട്ട വേഷത്തിലാണ് ഈ വിഡിയോയിലെത്തുന്നത്. വ്യാജ ഡിജിറ്റല്‍ അറസ്റ്റ് പ്രമേയമാക്കിയുള്ളതാണ് വിഡിയോ.
പ്രായമായ ഒരാളെ ഡിവൈഎസ്പി എന്ന വ്യാജേനെ തട്ടിപ്പുകാരന്‍ വിഡിയോ കോള്‍ ചെയ്യുന്നതും, അയാളുടെ വലയില്‍ വീഴാതിരിക്കുന്നതുമാണ് സംഭവം. 'ഡിവൈഎസ്പിയുടെ മീശ കണ്ടാലറിഞ്ഞൂടേ ഫ്രോഡാണെന്ന്, അവന്‍റെ അമ്മേട കണ്‍മഷി വെച്ച് വരച്ചതാണ്' എന്ന് പറഞ്ഞാണ് റീല്‍ അവസാനിക്കുന്നത്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.