പല ഒപ്പനകള്‍ നമ്മള്‍ കണ്ടിട്ടുണ്ടല്ലേ? കോഴിക്കോട് മണ്ണൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളില്‍ വ്യത്യസ്തമായി ഒരു ഒപ്പന അരങ്ങേറി. നമുക്ക് അതൊന്ന് കണ്ട് നോക്കാം.
കൈകൊട്ടിയും പാടിയും മതിമറന്ന് ഒപ്പനയ്ക്ക് ചുവടുവെയ്ക്കുന്നത് മണ്ണൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ കുരുന്നുകളാണ്. പക്ഷേ മണവാട്ടിയില്ലാതെ എന്ത് ഒപ്പന. അപ്പോഴാണ് മണവാട്ടിക്ക് പകരം മണവാളന്‍റെ സര്‍പ്രൈസ് എന്‍ട്രി. മണവാളനായി എത്തിയത് മറ്റാരുമല്ല, കുട്ടികളുടെ പ്രിയ അധ്യാപകനും എഴുത്തുകാരനുമായ നവാസ് മൂന്നാംകൈയാണ്.
വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ആടാം പാടാം പരുപാടിയില്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ച ഒപ്പന ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. മണവാളനായെത്തിയ മാഷിന്‍റെ കവിളില്‍ നുള്ളാനും താളത്തിനൊത്ത് ചുവടുവെയ്ക്കാനും വിദ്യാര്‍ഥികള്‍ മറന്നില്ല. വിദ്യാര്‍ഥികള്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാനായി ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന്‍റെ സന്തോഷത്തിലാണ് അധ്യാപകര്‍.